NEWS
അരിയിൽ ഷുക്കൂർ വധം: വ്യാഴാഴ്ച കോടതി വിധി പറയും

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി പ്രഖ്യാപനം വ്യാഴാഴ്ച നടക്കും. എറണാകുളത്തെ സിബിഐ പ്രത്യേക കോടതിയാണ് കേസിലെ നിർണായകമായ വിധി പുറപ്പെടുവിക്കുന്നത്. വിചാരണാ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണ് കോടതി വിധി പറയാൻ തീയതി നിശ്ചയിച്ചിരിക്കുന്നത്.
സിപിഎം നേതാക്കളായ പി. ജയരാജൻ, ടി.വി. രാജേഷ് എന്നിവരടക്കം 33 പേരാണ് ഈ കേസിലെ പ്രതിപ്പട്ടികയിലുള്ളത്. കണ്ണൂരിലെ മുൻ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനു നേരെയുണ്ടായ ആക്രമണത്തിന് തിരിച്ചടിയായാണ് അരിയിൽ ഷുക്കൂറിനെ കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ കണ്ടെത്തൽ. തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ 315-ാം നമ്പർ മുറിയിൽ വെച്ച് പി. ജയരാജനും ടി.വി. രാജേഷും മറ്റ് ചിലരും ഒത്തുചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തെന്നാണ് കേസ്. ഈ ഗൂഢാലോചനയിൽ പങ്കാളികളായി എന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.




