പെട്രോളിയം കരുതൽ ശേഖരം 80% വർധിപ്പിക്കാൻ കേന്ദ്രം: 8571 കോടിയുടെ പദ്ധതിക്ക് അനുമതി

രാജ്യത്തിന്റെ പെട്രോളിയം കരുതൽ ശേഖരണ ശേഷി വൻതോതിൽ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറെടുക്കുന്നു. നിലവിലുള്ളതിന്റെ 80 ശതമാനം അധികം ശേഷി കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഒഡിഷയിലെ ചാന്ദികോലിൽ 4 മില്യൻ ടൺ സംഭരണശേഷിയുള്ള ക്രൂഡോയിൽ കേന്ദ്രം സ്ഥാപിക്കാൻ 8571 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ മേഖലയുടെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്കായി സർക്കാർ ടെൻഡർ നടപടികൾ ആരംഭിച്ചു. ഇതിനായി തിരഞ്ഞെടുക്കപ്പെടുന്ന നിക്ഷേപകർക്ക് 5142 കോടി രൂപ വരെ ഗ്രാന്റായി നൽകും. കുറഞ്ഞ ഗ്രാന്റ് തുക വാഗ്ദാനം ചെയ്യുന്ന കമ്പനിക്കായിരിക്കും കരാർ ലഭിക്കുകയെന്ന് ടെൻഡർ രേഖകളിൽ വ്യക്തമാക്കുന്നു.
ഇതുകൂടാതെ, വിശാഖപട്ടണത്തുള്ള എണ്ണ സംഭരണ കേന്ദ്രത്തിന്റെ ഒരു ഭാഗം മൂന്ന് വർഷത്തേക്ക് വാടകയ്ക്ക് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 5,24,000 ടൺ പെട്രോളിയം ഉൽപന്നങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള ഈ കേന്ദ്രം ആവശ്യമെങ്കിൽ നാല് വർഷം കൂടി അധികമായി വാടകയ്ക്ക് നൽകാനും വ്യവസ്ഥയുണ്ട്. പശ്ചിമേഷ്യയ്ക്ക് പുറത്തുള്ള സുരക്ഷിതമായ മേഖലകളിൽ എണ്ണ ശേഖരിക്കാൻ ഉൽപാദക രാജ്യങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്ന സമയത്താണ് ഇന്ത്യയുടെ ഈ സുപ്രധാന തീരുമാനം. അടുത്ത വർഷം മുതൽ സിംഗപ്പൂരിലെ ടാങ്കുകളിലും എണ്ണ ശേഖരിക്കുമെന്ന് സൗദി അറേബ്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ജപ്പാനിലും ദക്ഷിണ കൊറിയയിലും സൗദി ഇതിനകം ശേഖരം ഒരുക്കുന്നുണ്ട്. ഇന്ത്യയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന യുഎഇ, നിലവിൽ രാജ്യത്ത് എണ്ണ സൂക്ഷിക്കുന്നുണ്ടെങ്കിലും, ഭാവിയിൽ ഇത് 30 ദശലക്ഷം ബാരൽ കൂടി വർധിപ്പിക്കാനുള്ള സാധ്യതകളും ഇരുരാജ്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്.
ചാന്ദികോലിന് പുറമെ മധ്യപ്രദേശിലെ ബിന, രാജസ്ഥാനിലെ ബിക്കാനീർ, കർണാടകയിലെ പദൂർ, മംഗളൂരു എന്നിവിടങ്ങളിലും പുതിയ സംഭരണ കേന്ദ്രങ്ങൾ വരുന്നുണ്ട്. നിലവിൽ ഇന്ത്യൻ സ്ട്രാറ്റജിക് പെട്രോളിയം റിസർവ് ലിമിറ്റഡിന്റെ നിയന്ത്രണത്തിൽ വിശാഖപട്ടണം, മംഗളൂരു, പദൂർ എന്നിവിടങ്ങളിലായി 5.33 മില്യൻ മെട്രിക് ടൺ ക്രൂഡോയിൽ സൂക്ഷിക്കാനുള്ള ഭൂഗർഭ സൗകര്യങ്ങൾ ഇന്ത്യക്കുണ്ട്. വിദേശത്തുനിന്നുള്ള ഇറക്കുമതി പൂർണമായും തടസ്സപ്പെട്ടാൽ ഈ ശേഖരം കൊണ്ട് 9.5 ദിവസത്തേക്ക് മാത്രമേ രാജ്യത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയൂ. എന്നാൽ, അന്താരാഷ്ട്ര ഊർജ ഏജൻസിയുടെ മാനദണ്ഡപ്രകാരം കുറഞ്ഞത് 90 ദിവസത്തേക്കുള്ള കരുതലാണ് വേണ്ടത്. ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധികൾക്ക് പിന്നാലെ എണ്ണ സുരക്ഷ ഉറപ്പാക്കാനുള്ള വേഗത ഇന്ത്യ വർധിപ്പിക്കുകയായിരുന്നു.




