കടക്കെണിയിലും അവകാശവാദങ്ങളുമായി പാക്കിസ്ഥാൻ; ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് പ്രധാനമന്ത്രി

ഇസ്ലാമാബാദ് ∙ വരും പതിറ്റാണ്ടുകളിൽ പാക്കിസ്ഥാൻ ആഗോളതലത്തിൽ സാമ്പത്തിക ശക്തിയായി ഉയരുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. 2050-ഓടെ ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി രാജ്യം മാറുമെന്ന് ഇസ്ലാമാബാദിൽ നടന്ന പാക്കിസ്ഥാൻ മിനറൽസ് ഇൻവസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കവേ അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ രാജ്യം കടന്നുപോകുകയും, അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്ന് 1.2 ബില്യൺ ഡോളർ വായ്പ ലഭ്യമാക്കാൻ തീവ്രശ്രമം നടത്തുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.
നേരത്തെ, 2022-ൽ ഗോൾഡ്മാൻ സാച്ച്സ് എന്ന അമേരിക്കൻ ധനകാര്യ ഏജൻസി പാക്കിസ്ഥാന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ച് നടത്തിയ പ്രവചനത്തിൽ 2075-ഓടെ രാജ്യം ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സ്വന്തം വിലയിരുത്തലുകൾ പ്രകാരം ഈ ലക്ഷ്യം 2050-ന് മുൻപേ തന്നെ കൈവരിക്കാൻ പാക്കിസ്ഥാന് സാധിക്കുമെന്ന് പ്രധാനമന്ത്രി ഷെരീഫ് ഉറപ്പിച്ചു പറഞ്ഞു. സ്വർണം, ചെമ്പ് തുടങ്ങിയ അമൂല്യ ധാതുക്കളുടെ വൻ ശേഖരം രാജ്യത്തുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘പാക്കിസ്ഥാനിൽ ഖനനം ചെയ്യുക, സംസ്കരിക്കുക, നിർമ്മിക്കുക, തുടർന്ന് വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യുക’ എന്ന നയമാണ് ഈ രംഗത്ത് സർക്കാർ സ്വീകരിക്കുന്നതെന്ന് റേഡിയോ പാക്കിസ്ഥാൻ റിപ്പോർട്ട് ചെയ്യുന്നു.




