HEALTH

താരേ സമീൻ പർ: അക്ഷരലോകത്ത് വഴിതെറ്റിയ ഇഷാൻ നൽകിയ പാഠം

ക്ലാസ്സിൽ ശ്രദ്ധിക്കാത്തവനായും, പുസ്തകം തുറന്നാൽ വായിക്കാൻ വിഷമിക്കുന്നവനായും, പരീക്ഷകളിൽ മാർക്ക് കുറയുന്നവനായും മുദ്രകുത്തപ്പെടുന്ന ഒരു കുട്ടി. അധ്യാപകരുടെ ശാസനകളും വീട്ടുകാരുടെ കുറ്റപ്പെടുത്തലുകളും സഹിക്കാനാവാതെ ഒടുവിൽ എല്ലാവർക്കും മുന്നിൽ അവൻ ഒരു മടിയനായി മാറുന്നു. എന്നാൽ, ആ കുട്ടിയുടെ പഠനപ്രശ്നങ്ങൾക്ക് പിന്നിൽ മടി മാത്രമല്ലെങ്കിൽ? ആരും ശ്രദ്ധിക്കാതെ പോയ അവന്റെ പ്രയാസങ്ങൾ തിരിച്ചറിയാൻ സാധിച്ചാൽ എങ്ങനെയുണ്ടാകും? 2007-ൽ പുറത്തിറങ്ങിയ ആമിർ ഖാന്റെ വിഖ്യാത ചിത്രം ‘താരേ സമീൻ പർ’ ഓർമയില്ലേ? പഠനകാര്യങ്ങളിൽ പിന്നാക്കം പോയ ഇഷാൻ അവസ്തി എന്ന ബാലനെ സമൂഹം ആദ്യം കണ്ടത് ഒരു അലസനായിട്ടാണ്. എന്നാൽ, അവന്റെ പ്രയാസങ്ങൾ തിരിച്ചറിഞ്ഞ രാം ശങ്കർ നികുംഭ് എന്ന അധ്യാപകന്റെ ഇടപെടലോടെ അവന്റെ ജീവിതം തന്നെ മാറുന്നു. ഡിസ്ലെക്സിയ എന്ന പഠനവൈകല്യമാണ് ഇഷാനെ അലട്ടിയിരുന്നത്. ചലച്ചിത്രത്തിലൂടെ ഏറെ ചർച്ച ചെയ്യപ്പെട്ടുവെങ്കിലും, ഇന്നും പലർക്കും ഈ അവസ്ഥയെക്കുറിച്ച് വ്യക്തമായ ധാരണയില്ല.

ഡിസ്ലെക്സിയ എന്നാൽ ബുദ്ധിക്കുറവാണോ? തീർച്ചയായും അല്ല. വായന, അക്ഷരങ്ങൾ ഗ്രഹിക്കൽ, വാക്കുകൾ എഴുതൽ തുടങ്ങിയ ഭാഷാപരമായ കഴിവുകളെ ബാധിക്കുന്ന ഒരു സവിശേഷ പഠനവൈകല്യമാണിത്. അക്ഷരങ്ങളെയും അവയുടെ ഉച്ചാരണങ്ങളെയും കൃത്യമായി ബന്ധിപ്പിക്കാൻ കഴിയാത്തതാണ് ഇതിന്റെ പ്രധാന ലക്ഷണം. വായിക്കുമ്പോൾ വാക്കുകൾ മാറിപ്പോവുക, സുപരിചിതമായ അക്ഷരങ്ങൾ പോലും തിരിച്ചറിയാൻ സമയമെടുക്കുക, എഴുതുമ്പോൾ ഒരേ തെറ്റുകൾ ആവർത്തിക്കുക തുടങ്ങിയവ ഇവർ നേരിടുന്ന വെല്ലുവിളികളാണ്. മറ്റുള്ളവർക്ക് നിസ്സാരമായി തോന്നുുന്ന എഴുത്തും വായനയും ഈ കുട്ടികൾക്ക് അതീവ ക്ലേശകരമായിരിക്കും. ഇത് ബുദ്ധിശക്തിയുടെ കുറവല്ല. ശരിയായ രീതിയിലുള്ള പിന്തുണയും പഠനതന്ത്രങ്ങളും ലഭിച്ചാൽ ഡിസ്ലെക്സിയയുള്ള കുട്ടികൾക്കും മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും.

സിനിമയിലെപ്പോലെ അക്ഷരങ്ങൾ കൺമുന്നിൽ ചലിക്കുമോ? ‘താരേ സമീൻ പർ’ എന്ന ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിൽ ഒന്ന്, ഇഷാന്റെ കാഴ്ചപ്പാടിലൂടെ അക്ഷരങ്ങൾ നൃത്തം ചെയ്യുന്നതും വാക്കുകൾ കൂടിക്കലരുന്നതുമാണ്. വായനയിലുള്ള അവന്റെ ബുദ്ധിമുട്ട് പ്രേക്ഷകർക്ക് കൃത്യമായി മനസ്സിലാക്കിക്കൊടുക്കാൻ സിനിമ സ്വീകരിച്ച ദൃശ്യഭാഷയായിരുന്നു അത്. ഡിസ്ലെക്സിയയുള്ള എല്ലാ കുട്ടികൾക്കും അക്ഷരങ്ങൾ ചലിക്കുന്നതായി അനുഭവപ്പെടണം എന്നില്ല. അത് ആ ചലച്ചിത്രത്തിന്റെ ആവിഷ്കാരരീതി മാത്രമാണ്, ഇതൊരു നിർബന്ധിത ലക്ഷണവുമല്ല.

വായനയിലെ വിട്ടുമാറാത്ത പ്രയാസം, അക്ഷരത്തെറ്റുകൾ, പഠിച്ച കാര്യങ്ങൾ ഗ്രഹിക്കാൻ കൂടുതൽ സമയം എടുക്കുന്നത് എന്നിവയാണ് നാം ശ്രദ്ധിക്കേണ്ട പ്രധാന സൂചനകൾ. എന്നാൽ, ഇത്തരം ലക്ഷണങ്ങൾ മാത്രം കണ്ട് കുട്ടിക്ക് ഡിസ്ലെക്സിയ ഉണ്ടെന്ന് ഉറപ്പിക്കരുത്. വിദഗ്ധമായ വിലയിരുത്തലുകൾ ഇതിന് അത്യാവശ്യമാണ്.

കുട്ടിയെ വഴക്കുപറയുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കുക. “എത്ര തവണ പറഞ്ഞുകൊടുക്കണം?”, “കൂട്ടുകാരെ കണ്ടു പഠിച്ചുകൂടേ?” എന്നിങ്ങനെയുള്ള വാക്കുകൾ ഒരു കുട്ടിയുടെ ആത്മവിശ്വാസത്തെ എത്രത്തോളം തകർക്കുമെന്ന് ഓർക്കാറുണ്ടോ? പഠനവൈകല്യത്തെ അലസതയായി തെറ്റിദ്ധരിക്കുമ്പോൾ കുട്ടി മാനസികമായി ഒറ്റപ്പെടുന്നു. ക്ലാസ്സിൽ ഉത്തരം പറയാൻ പേടിക്കുകയും വായനയിൽ നിന്ന് ഒഴിഞ്ഞുമാറുകയും ചെയ്യുന്നു. തനിക്ക് ഒന്നിനും കഴിവില്ലെന്ന ചിന്ത അവരിൽ ആഴത്തിൽ വേരുറപ്പിക്കും. ഇഷാന്റെ കാര്യത്തിലും സംഭവിച്ചത് ഇതുതന്നെയാണ്. അവന്റെ പ്രശ്നം മനസ്സിലാക്കാതെ ശിക്ഷിച്ചപ്പോൾ പഠനത്തിനൊപ്പം ആത്മവിശ്വാസവും അവന് നഷ്ടപ്പെട്ടു.

കുട്ടിയെ ശകാരിക്കുന്നതിന് പകരം അവന് അനുയോജ്യമായ പഠനരീതികൾ കണ്ടെത്തുകയാണ് വേണ്ടത്. വായനയെയും എഴുത്തിനെയും ചെറിയ ഭാഗങ്ങളായി തിരിച്ച് പരിശീലിപ്പിക്കുക, അക്ഷരശബ്ദങ്ങളുടെ ബന്ധം ലളിതമായി പറഞ്ഞുകൊടുക്കുക, ചിത്രങ്ങൾ ഉപയോഗിച്ച് പഠിപ്പിക്കുക, കൂടുതൽ സമയം നൽകുക തുടങ്ങിയ കാര്യങ്ങൾ വലിയ മാറ്റമുണ്ടാക്കും. സംശയമുണ്ടെങ്കിൽ അധ്യാപകരുമായി ചർച്ച ചെയ്ത് വിദഗ്ധ സഹായം തേടാൻ മടിക്കരുത്. നേരത്തെയുള്ള കണ്ടെത്തലുകളും കൃത്യമായ പിന്തുണയും കുട്ടിയുടെ ഭാവിയിൽ വലിയ ഗുണകരമാകും.

മാർക്കുകൾക്കപ്പുറമാണ് കുട്ടിയുടെ ലോകം! സിനിമയുടെ അവസാനഭാഗത്ത് ഇഷാനിലെ ചിത്രകാരനെ എല്ലാവരും തിരിച്ചറിയുന്നു. മാർക്കുകൾ കൊണ്ട് മാത്രം അളക്കപ്പെട്ടിരുന്ന ആ കുട്ടിയുടെ മറ്റൊരു മുഖം അവിടെ തെളിയുകയാണ്. എന്നാൽ, ഡിസ്ലെക്സിയയുള്ള എല്ലാ കുട്ടികൾക്കും ചിത്രരചനയിലോ മറ്റ് കലകളിലോ അസാധാരണ കഴിവുണ്ടാകണമെന്നില്ല. ഓരോ കുട്ടിയും ഓരോ തരക്കാരാണ്; അവരുടെ താൽപര്യങ്ങൾ തിരിച്ചറിഞ്ഞ് അത് പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്.

പഠനത്തിൽ പിന്നിലായതുകൊണ്ട് മാത്രം ഒരു കുട്ടിയെ മടിയനെന്ന് വിളിക്കുന്നത് എളുപ്പമാണ്. എന്നാൽ, എന്തുകൊണ്ട് അവൻ പിന്നിലായി എന്ന് അന്വേഷിക്കുന്നതാണ് യഥാർത്ഥ സ്നേഹം. ‘താരേ സമീൻ പർ’ നൽകുന്ന ഏറ്റവും വലിയ സന്ദേശവും ഇതുതന്നെയാണ്. കുറ്റപ്പെടുത്തലുകൾക്ക് മുൻപ് കുട്ടിയുടെ ലോകത്തെ മനസ്സിലാക്കാൻ ശ്രമിക്കുക.

Life Style ⏭️

Back to top button