SPORTS
അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനൽ: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം

അൽ അമിറാത്ത് (ഒമാൻ) ∙ അണ്ടർ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ കലാശപ്പോരാട്ടത്തിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ. നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ മുട്ടുകുത്തിച്ച് ഏഷ്യൻ കിരീടം സ്വന്തം പേരിൽ കുറിക്കാനാണ് എട്ടുതവണ ജേതാക്കളായ ഇന്ത്യൻ കൗമാരപ്പട ലക്ഷ്യമിടുന്നത്.
മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗിന്റെ മകൻ ആര്യവീർ സേവാഗിന്റെയും മികച്ച വേഗതയിൽ പന്തെറിയുന്ന ഇഷാൻ സൂദിന്റെയും തകർപ്പൻ പ്രകടനങ്ങളിലാണ് ഇന്ത്യൻ ക്യാമ്പ് വലിയ പ്രതീക്ഷ പുലർത്തുന്നത്. ഇന്ത്യൻ സമയം രാവിലെ 10.30 മുതൽ സോണി ടെൻ ചാനലുകളിലും സോണി ലിവ് ആപ്പിലും ഈ ആവേശപ്പോരാട്ടം തത്സമയം കാണാം.




