നസ്ലിനെതിരായ വ്യാജവാർത്തകൾ തള്ളി ‘ഗുഡ് ബാഡ് അഗ്ലി’ സംവിധായകൻ

നസ്ലിൻ, അജിത്കുമാർ, ആദിക് രവിചന്ദ്രൻ
തമിഴ് താരം അജിത് കുമാർ നായകനാകുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിൽ നിന്ന് യുവതാരം നസ്ലിൻ പിന്മാറിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സംവിധായകൻ ആദിക് രവിചന്ദ്രൻ. നസ്ലിൻ ഈ ചിത്രത്തിന്റെ ഭാഗമാകാൻ നേരത്തെ കരാർ ഒപ്പിട്ടിരുന്നില്ലെന്നും, പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബിഹൈൻഡ് വുഡ്സിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ആദിക് ഇക്കാര്യം വിശദീകരിച്ചത്.
ഗുഡ് ബാഡ് അഗ്ലിയുടെ നിർമ്മാതാക്കളായ മൈത്രി പിക്ചേഴ്സ് ആ സമയത്ത് ‘ഡ്യൂഡ്’ എന്ന മറ്റൊരു ചിത്രം പ്ലാൻ ചെയ്തിരുന്നു. മമിത ബൈജുവായിരുന്നു അതിൽ നായികയായി തീരുമാനിക്കപ്പെട്ടിരുന്നത്. ‘പ്രേമലു’ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടമായിരുന്നു അത്. നിർമ്മാതാക്കൾ തന്നെയാണ് നസ്ലിനെക്കുറിച്ച് തന്നോട് സൂചിപ്പിച്ചതെന്ന് ആദിക് വെളിപ്പെടുത്തുന്നു.
ആദിക് രവിചന്ദ്രന്റെ വാക്കുകളിലേയ്ക്ക്:
‘പ്രേമലു എന്ന ചിത്രത്തിലെ നായകനെ പരിചയമുണ്ടോ എന്ന് മൈത്രി പിക്ചേഴ്സുകാർ എന്നോട് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു മറുപടി. അന്ന് നസ്ലിൻ ചെന്നൈയിലുണ്ടായിരുന്നതുകൊണ്ട് നിർമ്മാതാക്കൾ അവനെ ഓഫീസിലേക്ക് ക്ഷണിച്ചു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ കണ്ടുമുട്ടുന്നത്. വളരെ ഊർജ്ജസ്വലനായ, മികച്ചൊരു നടനാണ് നസ്ലിൻ. അജിത് സാറിന്റെ ചിത്രമാണെന്ന് അറിഞ്ഞപ്പോൾ ഏത് വേഷമാണെന്ന് അവൻ ചോദിച്ചിരുന്നു.’
തുടർന്ന് ആദിക് കൂട്ടിച്ചേർത്തു: ‘നസ്ലിന് ഈ സിനിമയിൽ എന്തെങ്കിലും വേഷം നൽകാൻ കഴിയുമോ എന്ന് മൈത്രി പിക്ചേഴ്സ് എന്നോട് ആലോചിച്ചു. എന്നാൽ അവൻ മികച്ചൊരു നടനാണെന്നും, ഈ സിനിമയിൽ അവന് കൃത്യമായ സ്പേസ് നൽകാൻ കഴിയില്ലെന്നും ഞാൻ മറുപടി നൽകി. അജിത് സാറും നസ്ലിനും ഒന്നിച്ചുള്ള കോംബോ തീർച്ചയായും മികച്ചതായിരിക്കും. എന്നാൽ അച്ഛൻ-മകൻ പ്രമേയമാകുന്ന ഒരു മുഴുനീള ചിത്രമാണെങ്കിൽ അത് നന്നായേനെ. ഈ സിനിമയിൽ മകന്റെ കഥാപാത്രത്തിന് പ്രാധാന്യം കുറവായതിനാൽ അത് അവന് ചേരില്ലെന്ന് ഞാൻ വ്യക്തമാക്കിയിരുന്നു. ഇതായിരുന്നു യഥാർത്ഥത്തിൽ സംഭവിച്ചത്. അല്ലാതെ നസ്ലിൻ ഈ സിനിമയിൽ ജോയിൻ ചെയ്യുകയോ പിന്നീട് പിന്മാറുകയോ ചെയ്തിട്ടില്ല.’




