വർക്കലയിൽ വറ്റ മീൻ കഴിച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: വിഷമത്സ്യം കഴിച്ചതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം ചികിത്സയിലായിരുന്ന വർക്കല സ്വദേശി മരണത്തിന് കീഴടങ്ങി. ചിലക്കൂർ ഗ്രാലികുന്ന് തൈക്കാവിൽ നിവാസിയായ സുധീർ (40) ആണ് അന്തരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മത്സ്യത്തൊഴിലാളിയായിരുന്നു സുധീർ.
താൻ ജോലി ചെയ്യുന്ന ബോട്ടിൽ മീൻ ലഭിക്കാതെ വന്നതോടെ, മറ്റൊരു ബോട്ടിൽ നിന്ന് ഏകദേശം 25 കിലോയോളം വരുന്ന വറ്റ മത്സ്യം സുധീർ വിലയ്ക്കു വാങ്ങിയിരുന്നു. ഇതിൽ നിന്നുള്ള മത്സ്യമാണ് അദ്ദേഹം വീട്ടിലേക്കും കൊണ്ടുപോയത്. ഒക്ടോബർ 28-ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഒമ്പതരയോടെ മരണം സംഭവിക്കുകയായിരുന്നു.
സുധീറിനൊപ്പം മത്സ്യം കഴിച്ച ബന്ധുക്കൾക്കും ആരോഗ്യപ്രശ്നങ്ങളും അലർജിയും അനുഭവപ്പെട്ടിരുന്നു. ഒക്ടോബർ 26 മുതൽ മുതലപ്പൊഴി, പെരുമാതുറ തീരങ്ങളിൽ വറ്റ മത്സ്യം ചാകരയായി ലഭിച്ചിരുന്നു. ഈ സമയത്ത് വിപണിയിൽ നിന്നും മത്സ്യം വാങ്ങി ഉപയോഗിച്ച പലർക്കും സമാനമായ അസ്വസ്ഥതകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് മത്സ്യം വാങ്ങുന്ന കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും, ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പുള്ള മീനുകൾ മാത്രമേ ഉപയോഗിക്കാവൂ എന്നും വർക്കല നഗരസഭ കർശന നിർദ്ദേശം നൽകിയിരുന്നു.
ചാകരയായി ലഭിച്ച മീനുകൾക്കൊപ്പം പഴയ മീനുകൾ കലർത്തി വിൽപ്പനക്കാർ വിപണിയിലെത്തിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. കൂടാതെ, ചാകര സമയത്ത് ധാരാളം മീൻ ലഭിക്കുമ്പോൾ വേണ്ടത്ര ഐസ് ചേർക്കാതെ സൂക്ഷിക്കുന്നത് ബാക്ടീരിയ വളരുന്നതിന് കാരണമാകുന്നു. വറ്റ പോലുള്ള കടൽ മത്സ്യങ്ങളിൽ ശരിയായ താപനിലയിൽ സൂക്ഷിച്ചില്ലെങ്കിൽ ‘ഹിസ്റ്റാമിൻ’ എന്ന വിഷം രൂപപ്പെടാനുള്ള ഉയർന്ന സാധ്യതയുണ്ടെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
RELATED TOPICS: VARKALA FISH DEATH, FISH FOOD POISONING KERALA, SUDHEER VARKALA, VATTA FISH, KERALA FOOD SAFETY ALERT




