എസ്എംഎ മരുന്ന് വിവാദം: എസ്എടി ആശുപത്രി സൂപ്രണ്ടിനെ മാറ്റി

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാനത്തെ എസ്എടി ആശുപത്രി സൂപ്രണ്ട് സ്ഥാനത്തുനിന്നും ഡോ. റിയാസിനെ നീക്കം ചെയ്തു. സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ചികിത്സയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നടപടി. പീഡിയാട്രിക് നെഫ്രോളജി വിഭാഗം തലവനായ ഡോ. സൂസൻ ഉതുപ്പിനെ പുതിയ സൂപ്രണ്ടായി നിയമിച്ചു. ഭരണപരമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഈ അഴിച്ചുപണി എന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക വിശദീകരണം.
എസ്എംഎ എന്ന അപൂർവ ജനിതകരോഗം ബാധിച്ച കുഞ്ഞുങ്ങൾക്ക് നൽകേണ്ടിയിരുന്ന വിദേശ മരുന്നിന് പകരമായി ഇന്ത്യൻ നിർമ്മിത ജനറിക് മരുന്ന് നൽകിയതാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ഡോക്ടർമാർക്കുള്ള സാമ്പിൾ എന്നും ക്ലിനിക്കൽ ട്രയൽസ് എന്നും രേഖപ്പെടുത്തിയ മരുന്നുകൾ കുട്ടികൾക്ക് നൽകിയത് ഗുരുതരമായ പരാതികൾക്കിടയാക്കി. സർക്കാരിന്റെ ഒത്താശയോടെ കുഞ്ഞുങ്ങളിൽ മരുന്ന് പരീക്ഷണം നടക്കുന്നു എന്ന തരത്തിലുള്ള രാഷ്ട്രീയ വിമർശനങ്ങളും ശക്തമായിരുന്നു.
എന്നാൽ, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നാറ്റ്കോ ഫാർമയുടെ മരുന്ന് കേന്ദ്രസർക്കാരും സുപ്രീംകോടതിയും അംഗീകരിച്ചതാണെന്ന് വ്യക്തമായതോടെ വിവാദങ്ങൾക്ക് അയവുവന്നു. ചികിത്സയ്ക്കായി നൽകുന്ന യഥാർത്ഥ മരുന്നുകളും ഡോക്ടർമാർക്ക് പഠനാവശ്യത്തിനായി നൽകുന്ന സാമ്പിൾ കുപ്പികളും അബദ്ധവശാൽ മാറിപ്പോയതാണ് സംഭവത്തിന് കാരണമായതെന്ന് തെളിഞ്ഞു.
വിദേശ കമ്പനികൾ വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഒരു കുപ്പിക്ക് അഞ്ചുലക്ഷം രൂപയോളം വിലയുണ്ട്. അതേസമയം, ഇന്ത്യൻ നിർമ്മിത ജനറിക് മരുന്നിന് 15,000 രൂപ മാത്രമാണ് ചെലവ്. പ്രത്യേക പദ്ധതികളിലൂടെ സർക്കാർ ആശുപത്രികളിൽ ഈ മരുന്ന് സൗജന്യമായാണ് വിതരണം ചെയ്യുന്നത്. വിവാദം ഉയർന്നതോടെ ആശുപത്രിയിലുണ്ടായിരുന്ന സാമ്പിൾ കുപ്പികൾ തിരിച്ചെടുക്കാൻ അധികൃതർ നിർദ്ദേശം നൽകി. ഇനി മുതൽ എസ്എംഎ രോഗികൾക്കായി ഇന്ത്യൻ നിർമ്മിത ജനറിക് മരുന്ന് മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. രോഗികൾക്കുള്ള മരുന്നും സാമ്പിൾ കുപ്പികളും വേർതിരിച്ചു സൂക്ഷിക്കുന്നതിൽ അധികൃതർ കാണിച്ച ജാഗ്രതക്കുറവാണ് അനാവശ്യമായ ആശയക്കുഴപ്പങ്ങൾക്കും രക്ഷിതാക്കളുടെ ആശങ്കയ്ക്കും വഴിയൊരുക്കിയത്.




