മമ്മൂട്ടിയുടെ കാർ സ്കൂൾ വിദ്യാർത്ഥിയെ ഇടിച്ചു: അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ

മമ്മൂട്ടി (photo:facebook.com/Mammootty)
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര വേദിയിലെ നിറസാന്നിധ്യമാണ് മെഗാസ്റ്റാർ മമ്മൂട്ടി. അഭിനയരംഗത്തെ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളാണ് പ്രശസ്ത എഴുത്തുകാരനും നടനുമായ വി കെ ശ്രീരാമൻ. തിരക്കേറിയ അഭിനയ ജീവിതത്തിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും, സോഷ്യൽ മീഡിയയിലൂടെ ശ്രീരാമൻ പങ്കുവയ്ക്കുന്ന കുറിപ്പുകൾ ഏറെ ശ്രദ്ധയാകർഷിക്കാറുണ്ട്. അത്തരത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള ഒരു പഴയ യാത്രാനുഭവം അദ്ദേഹം ഫേസ്‌ബുക്കിലൂടെ ഇപ്പോൾ വിവരിച്ചിരിക്കുകയാണ്.
വർഷങ്ങൾക്ക് മുൻപ് ‘ഉത്തരം’ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ ഊട്ടിയിൽ നിന്ന് മടങ്ങുമ്പോഴാണ് ആ സംഭവം അരങ്ങേറുന്നത്. മമ്മൂട്ടി ഓടിച്ചിരുന്ന അദ്ദേഹത്തിന്റെ പ്രശസ്തമായ കോണ്ടസ കാർ, അപ്രതീക്ഷിതമായി റോഡ് കുറുകെ കടന്ന പത്ത് വയസ്സുകാരനായ ഒരു ബാലനെ ഇടിക്കുകയുണ്ടായി. പെട്ടെന്നുള്ള ബ്രേക്കിംഗിൽ മുൻസീറ്റിലിരുന്ന ശ്രീരാമന്റെ തല വാഹനത്തിന്റെ ചില്ലിലിടിച്ച് പരിക്കേൽക്കുകയും ചെയ്തു.
അപകടത്തിന് പിന്നാലെ തമിഴ്‌നാട്ടുകാർ അക്രമാസക്തരായി കാർ തല്ലിത്തകർക്കുമെന്നും തങ്ങൾ വലിയൊരു പ്രശ്നത്തിൽ അകപ്പെടുമെന്നും ശ്രീരാമൻ ഭയന്നിരുന്നു. എന്നാൽ അവിടെ സംഭവിച്ചത് മറ്റൊന്നായിരുന്നു. കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ചുവീണ കുട്ടിയുടെ വലതുകാലിലെ പോക്കറ്റിൽ അന്ന് രണ്ട് ക്രിക്കറ്റ് ബോളുകൾ വെച്ചിട്ടുണ്ടായിരുന്നു. ഭാഗ്യവശാൽ ഇടികൊണ്ടത് കൃത്യമായി ആ ബോളുകളിൽ ആയതിനാൽ കുട്ടിക്ക് കാര്യമായ പരിക്കേറ്റില്ല. സർക്കസ് കലാകാരൻമാർ നെറ്റിലേക്ക് വീഴുന്നതുപോലെ കാനയ്ക്ക് മുകളിലെ വള്ളിപ്പടർപ്പിലേക്ക് കുട്ടി സുരക്ഷിതനായി പതിക്കുകയായിരുന്നു. എങ്കിലും, കോയമ്പത്തൂരിൽ എത്തുന്നതുവരെ പുറകിൽ ആരെങ്കിലും പിന്തുടരുന്നുണ്ടോ എന്ന ഭീതി തനിക്കുണ്ടായിരുന്നുവെന്ന് രസകരമായി ശ്രീരാമൻ ഓർത്തെടുക്കുന്നു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏതാണ്ടൊരു നാല്പതുകൊല്ലം മുമ്പ് നടന്ന കഥ, അല്ല സംഭവമാണ്.
പവിത്രൻ്റെ ഉത്തരം സിനിമ ഊട്ടിയിൽ നടക്കുന്ന കാലത്ത് മമ്മൂട്ടി തൻ്റെ വിഖ്യാതമായ 369 ാം നമ്പർ കോണ്ടസ്സയോടിച്ചു മലയിറങ്ങുകയായിരുന്നു. ഒരു കോൺവെൻ്റ് സ്‌കൂളിൻ്റെ മുന്നിൽ വെച്ച് റോഡു മുറിച്ച് ബസ്സിൽ കയറാനോടിയ പത്തു വയസ്സുകാരനെ കോണ്ടസ ഇടിച്ചു തെറിപ്പിക്കുന്നു. പെട്ടന്നു ബ്രേക്ക് ചെയ്തപ്പോൾ മുൻ സീറ്റിലിരുന്ന എൻ്റെ തല ഗ്ലാസിൽ ചെന്നിടിക്കുന്നു.
മമ്മൂട്ടി ചാടിയിറങ്ങുന്നു.
പിന്നാലെ നെറ്റി തടവി ഞാനും.
തമിഴ് ശിങ്കങ്ങൾ അക്രമാസക്തരായി കാറു തല്ലിപ്പൊളിക്കുമെന്നും
ഞങ്ങളെ കൈകാര്യം ചെയ്യുമെന്നുമൊക്കെ ആണ് ഞാൻ കണക്കുകൂട്ടിയത്.
പക്ഷെ, കണ്ടത് മറ്റൊന്നാണ്.
കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ പൊക്കിപ്പിടിച്ച് ഒരാൾ മുന്നിലും കൂട്ടം പിന്നിലുമായി വരുന്നു.
ഇടികൊണ്ട് തെറിച്ച കുളന്തൈ ചിരിക്കുന്നു.
കോട്ടും തലേക്കെട്ടും വീരപ്പൻ മീശയുമുള്ള തലൈവർ പറഞ്ഞതിൻ്റെ സാരം ഇതാണ്.
മൂപ്പരാണ് സ്‌കൂളിൻ്റെ സെക്യുരിറ്റി ചീഫ് .
‘ കാറിൻ്റെ ഇടി കൊണ്ടത് പയ്യൻ്റെ വലതുകാലിൻ്റെ തുടയിലാണ്. കൃത്യം ട്രൗസ്സേഴ്‌സിൻ്റെ പോക്കറ്റിൽ പയ്യൻ രണ്ടു കൃക്കറ്റ് ബോളുകൾ കുത്തി നിറച്ചു വെച്ചിരുന്ന സ്ഥലത്താണ് ഇടി. പയ്യൻ സ്മൂത്തായി കാനക്കു മേലെയുള്ള വള്ളിപ്പടർപ്പിലേക്കു വീഴുന്നു, സർക്കസ്സിലെ കളിക്കാർ നെറ്റിലേക്കു വീഴും പോലെ.
” പാർത്താൽ എന്നമോ പെരിയ ആക്സിഡൻ്റ് ആനാ , യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ കൊട് കൈ”
മീശക്കാരൻ കൈ നീട്ടി.
ഹീറോ ഹസ്തം ദാനം ചെയ്തു.
“നീ പേടിച്ചു പോയോ?”
തിരിച്ചു വണ്ടിയിൽ കയറിയ ശേഷം
മമ്മൂട്ടി എന്നോടു ചോദിച്ചു .
” നിങ്ങളെ അവര് ഒഴിവാക്കിയിട്ട് എൻ്റെ നേരെ വന്ന് ഡായ് ഡ്രൈവർ സോമ്പേരി, നീ എത്ക്ക് പക്കത്തില് ഉക്കാരന്ത്ട്ട് ഇറ്ക്ക്. റോഡില് കുളന്തെകൾ ഇര്ക്ക് മെതുവാ വണ്ടി ഓട്ടണം എൻ്റ് സൊല്ലിക്കൊടുക്ക വേണ്ടിയതു താനേ എന്നും പറഞ്ഞ് എന്നെ കൈകാര്യം ചെയ്തേക്കുമോ എന്ന ഒരു പേടി ഉണ്ടാവാതിരുന്നില്ല”
” ശരിയാ ഈ കോസ്റ്റ്യു മിൽ നിനക്കൊരു ഡ്രൈവർ ലുക്ക് ഉണ്ട്.”
കോയമ്പത്തൂരെത്തും വരെ ഞാൻ തിരിഞ്ഞു നോക്കിക്കൊണ്ടിരുന്നു.
അണ്ണാച്ചിമാർ ഇടി കൊണ്ട പയ്യനേയും കൂട്ടി ജാഥയായി വരുന്നുണ്ടോ എന്ന്.
RELATED TOPICS: MAMMOOTTY CAR ACCIDENT, VK SRIRAMAN FACEBOOK POST, MAMMOOTTY 369 CONTESSA, MAMMOOTTY OOTY SHOOTING, MAMMOOTTY VIRAL NEWS




