ഒരേ നമ്പറിന് രണ്ട് ലോട്ടറി സമ്മാനം: വിശ്വാസ്യതയിൽ ആശങ്കയുമായി കച്ചവടക്കാർ, വിശദീകരണവുമായി അധികൃതർ

കൊല്ലം ∙ കഴിഞ്ഞ ദിവസം നടന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിൽ വീണ്ടും ടിക്കറ്റ് ഇരട്ടിപ്പ് വിവാദം. ഡീസന്റ് ജംക്ഷനിൽ ശ്രീ മീനാക്ഷി ലോട്ടറി ഏജൻസി നടത്തുന്ന ആർ. ഹരീഷിന്റെ കൈവശമുള്ള ടിക്കറ്റുകളിലാണ് ഒരേ നമ്പറും സീരീസും ആവർത്തിച്ച് വന്നത്. ഒരു കോടി രൂപ സമ്മാനത്തുകയുള്ള സ്ത്രീശക്തി ലോട്ടറിയുടെ എസ്സി 819746 എന്ന നമ്പർ ടിക്കറ്റുകളാണ് ഇത്തരത്തിൽ ഇരട്ടിച്ചത്. ആറ്റുകാൽ ഏജൻസീസിൽ നിന്നും മൊത്തമായി വാങ്ങിയ 1200 ടിക്കറ്റുകൾക്കിടയിലാണ് ഈ പിഴവ് ശ്രദ്ധയിൽപ്പെട്ടത്. കടയിലെ ജീവനക്കാർ ടിക്കറ്റുകൾ പരിശോധിക്കുന്നതിനിടെയാണ് ഒരേ നമ്പറിലുള്ള രണ്ട് ടിക്കറ്റുകൾ കണ്ടെത്തിയത്. ജില്ലാ ലോട്ടറി ഓഫിസ് വഴിയാണ് ആറ്റുകാൽ ഏജൻസീസിലേക്ക് ടിക്കറ്റുകൾ എത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ ലോട്ടറി ഓഫിസർക്കും ഡയറക്ടർക്കും ഏജൻസി അധികൃതർ പരാതി നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച നടന്ന സ്ത്രീശക്തി ലോട്ടറി നറുക്കെടുപ്പിലും സമാനമായ രീതിയിൽ ടിക്കറ്റ് ഇരട്ടിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു. പെരിനാട് ചെറുമൂട് അഖിൽ ലോട്ടറി ഏജൻസി ഉടമയായ ആർ. സന്തോഷിന് ലഭിച്ച ടിക്കറ്റുകളിലാണ് (എസ്സി 817746) ഈ പിഴവ് സംഭവിച്ചത്. ജില്ലാ ലോട്ടറി ഓഫിസിൽ നിന്നും നേരിട്ട് വാങ്ങിയ 300 ടിക്കറ്റുകളിലായിരുന്നു ഈ അപാകതയുണ്ടായിരുന്നത്.




