NEWS

അമൃതം പൊടിയിലെ പഞ്ചസാര: കേന്ദ്ര നിർദ്ദേശം തള്ളി സംസ്ഥാന സർക്കാർ

പത്തനംതിട്ട∙ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയിൽനിന്ന് പഞ്ചസാര നീക്കം ചെയ്യണമെന്ന കേന്ദ്ര വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കർശന നിർദേശം അവഗണിക്കപ്പെടുന്നു. നിലവിൽ വിതരണം ചെയ്യുന്ന അരക്കിലോ അമൃതം ന്യൂട്രിമിക്സിൽ ഇരുപത് ശതമാനത്തോളം പഞ്ചസാരയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നിർമാണ വേളയിൽത്തന്നെ പഞ്ചസാര ചേർത്താണ് അമൃതം പൊടി തയാറാക്കുന്നത് എന്നതിനാൽ, പിന്നീട് അധികമായി മധുരം ചേർക്കരുതെന്ന് മാത്രമാണ് സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് നൽകിയിരിക്കുന്ന നിർദേശം.

അമൃതം പൊടിയുടെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രായത്തിനനുസരിച്ചുള്ള പോഷകാഹാരമാക്കി മാറ്റുന്നതിനുമായി കഴിഞ്ഞ ജൂലൈ 18-ന് സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, നിലവിൽ ഉൽപന്നത്തിലുള്ള പഞ്ചസാരയുടെ അളവ് പോലും കുറയ്ക്കാൻ അധികൃതർ തയാറായിട്ടില്ല. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിൽ പഞ്ചസാരയുടെ അംശം പൂർണമായും ഒഴിവാക്കണമെന്നതാണ് ലോകാരോഗ്യ സംഘടന, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്, ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ എന്നിവയുടെ ശാസ്ത്രീയമായ ഉപദേശം.

ആറു മാസം മുതൽ ഒരു വയസ്സ് വരെയുള്ള കുഞ്ഞുങ്ങൾക്ക് അമിതമായി മധുരം നൽകുന്നത് അവരുടെ സ്വാഭാവികമായ വിശപ്പിനെ തകിടം മറിക്കുകയും, മറ്റ് പോഷകാഹാരങ്ങളോട് വിരക്തി തോന്നുന്നതിനും കാരണമാകും. അതിനാൽ, അങ്കണവാടികൾ വഴി നൽകുന്ന പോഷകാഹാരങ്ങളിൽ രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സംസ്കരിച്ച പഞ്ചസാര, ഉപ്പ്, കൃത്രിമ നിറങ്ങൾ, സുഗന്ധ വർധക വസ്തുക്കൾ എന്നിവ തീർത്തും ഒഴിവാക്കണമെന്ന് കേന്ദ്ര വനിതാ– ശിശുവികസന മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെങ്കിലും, അത് പ്രാവർത്തികമാക്കുന്നതിൽ വീഴ്ച സംഭവിക്കുകയാണ്.

Fashion ⏭️

Back to top button