ബിഎൽഎം നിക്ഷേപ തട്ടിപ്പ്: കേരളത്തിലും തമിഴ്നാട്ടിലുമടക്കം പത്ത് ഇടങ്ങളിൽ ഇഡി റെയ്ഡ്

നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ ശക്തമാക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഇതിന്റെ ഭാഗമായി കേരളത്തിലെയും തമിഴ്നാട്ടിലെയും ബിഎൽഎം ഓഫീസുകളിൽ ഇഡി ഉദ്യോഗസ്ഥർ വ്യാപകമായ റെയ്ഡ് നടത്തി. കൊച്ചി, കോഴിക്കോട്, തൃശൂർ എന്നീ ജില്ലകളിലായി കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും, ചെന്നൈ കോയമ്പേടിലുള്ള ബിഎൽഎം ആസ്ഥാനത്തും ഉൾപ്പെടെ പത്തോളം ഇടങ്ങളിലാണ് ഒരേസമയം പരിശോധനകൾ നടക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA), ഹവാല ഇടപാടുകൾ എന്നിവ അടിസ്ഥാനമാക്കിയാണ് ഇഡി ഇപ്പോൾ നടപടികൾ വേഗത്തിലാക്കിയിരിക്കുന്നത്. മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ പ്രവർത്തിച്ച്, തമിഴ്നാട്ടിലും മറ്റ് സംസ്ഥാനങ്ങളിലുമായി ഏകദേശം 300 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രധാന ആരോപണം. ബിഎൽഎം സ്ഥാപനത്തിലെ മുൻ ജീവനക്കാരിയായ സോണിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഈ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ബിഎൽഎം ചെയർമാനായ ആർ പ്രേംകുമാറിനെ നേരത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം ചെന്നൈയിൽ വെച്ച് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, അറസ്റ്റ് രേഖപ്പെടുത്തുന്നതിൽ നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടി കോടതി അദ്ദേഹത്തിന് ജാമ്യം നൽകുകയായിരുന്നു. പ്രേംകുമാറിനെ വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഇപ്പോൾ ഇഡിയുടെ നിർണായകമായ ഈ മിന്നൽ പരിശോധന.




