ജെഎസ്ഡബ്ല്യു കോംബാറ്റ് എസ്യുവി: 1100 കി.മീ റേഞ്ചുമായി ഡിസംബർ 4ന് വിപണിയിലേക്ക്

വാഹന നിർമ്മാണ വിപണിയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുകയാണ് ജെഎസ്ഡബ്ല്യു മോട്ടോഴ്സ്. ഇതിന്റെ ഭാഗമായി കമ്പനിയുടെ പ്രഥമ മോഡലായ ‘കോംബാറ്റ്’ എന്ന അഡ്വഞ്ചർ എസ്യുവി ഡിസംബർ നാലിന് വിപണിയിലെത്തും. ആഗോളതലത്തിൽ ചെറി ജെറ്റൂർ ടി2 എന്നറിയപ്പെടുന്ന ഈ വാഹനം, ചെറിയുമായുള്ള സഹകരണത്തോടെയാണ് ജെഎസ്ഡബ്ല്യു ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഏകദേശം 40 മുതൽ 50 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ വിപണി വിലയായി പ്രതീക്ഷിക്കുന്നത്.
ഹൈബ്രിഡ് കരുത്തിലാണ് കോംബാറ്റ് വിപണി കീഴടക്കാൻ എത്തുന്നത്. 1.5 ലീറ്റർ PHEV പവർട്രെയിനും രണ്ട് ഇലക്ട്രിക് മോട്ടോറുകളും ഉൾക്കൊള്ളുന്നതാണ് ഇതിന്റെ സാങ്കേതികവിദ്യ. 18.4 kWh ബാറ്ററി ശേഷിയുള്ള ഈ വാഹനത്തിന് 360 എച്ച്പി കരുത്തും 610 എൻഎം ടോർക്കും നൽകാൻ സാധിക്കും. ഹൈബ്രിഡ് സംവിധാനത്തിന്റെ മികവിൽ ഫുൾ ടാങ്ക് പെട്രോൾ നിറച്ചാൽ 1,100 കിലോമീറ്റർ വരെ ദൂരം സഞ്ചരിക്കാൻ ഈ എസ്യുവിക്ക് കഴിയും. 90 കിലോമീറ്റർ വരെ ഇലക്ട്രിക് മോഡിലും ഓടിക്കാം. മൂന്ന് സ്പീഡ് ഡെഡിക്കേറ്റഡ് ഹൈബ്രിഡ് ട്രാൻസ്മിഷനാണ് ഇതിൽ ഒരുക്കിയിരിക്കുന്നത്.
അത്യാധുനിക സൗകര്യങ്ങളോടെ എത്തുന്ന അകത്തളം ജെറ്റൂർ ടി2-ന് സമാനമാണ്. ആറ് തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും നാല് തരത്തിൽ അഡ്ജസ്റ്റ് ചെയ്യാവുന്ന കോ-ഡ്രൈവർ സീറ്റും ഇതിന്റെ പ്രത്യേകതയാണ്. വെന്റിലേഷൻ സൗകര്യമുള്ള മുൻ സീറ്റുകളും 12 സ്പീക്കറുകളോട് കൂടിയ സോണി സൗണ്ട് സിസ്റ്റവും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായി ആറ് എയർബാഗുകൾ, 540 ഡിഗ്രി ക്യാമറ, ലെവൽ 2 അഡാസ് തുടങ്ങിയ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഛത്രപതി സാമ്പാജിനഗറിലുള്ള പ്ലാന്റിലാണ് കോംബാറ്റിന്റെ നിർമ്മാണം നടക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, കിയ സൊറെന്റോ, എംജി ഗ്ലോസ്റ്റർ തുടങ്ങിയ വമ്പൻമാരുമായിട്ടായിരിക്കും വിപണിയിൽ കോംബാറ്റ് മത്സരിക്കുക.




