NEWS
കടലിൽ ഇറങ്ങാൻ വിലക്ക്: ലൈഫ് ഗാർഡുമാരെ ആക്രമിച്ച കർണാടക സ്വദേശികൾ കസ്റ്റഡിയിൽ

കോഴിക്കോട് ബീച്ചിൽ ലൈഫ് ഗാർഡുമാർക്ക് നേരെ കർണാടക സ്വദേശികളുടെ അക്രമം.
കടലിൽ ഇറങ്ങി കുളിക്കുന്നത് തടഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ടൂറിസം വകുപ്പിന്റെ ലൈഫ് ഗാർഡുമാരായ ഹാഷിൽ, റോഷിത്ത് എന്നിവർക്ക് നേരെയാണ് പതിനഞ്ചോളം പേരടങ്ങുന്ന കർണാടക സംഘം അക്രമം അഴിച്ചുവിട്ടത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം നടന്നത്.
കടലിൽ നീന്താൻ പാടില്ലെന്ന സുരക്ഷാ നിർദ്ദേശം പാലിക്കാൻ ആവശ്യപ്പെട്ടതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. ഇതിനെത്തുടർന്ന് ലൈഫ് ഗാർഡുമാരെ ഇവർ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. സംഭവവുമായി ബന്ധപ്പെട്ട് കർണാടകയിൽ നിന്നുള്ള മൂന്ന് പുരുഷന്മാരെയും ഏതാനും സ്ത്രീകളെയും വെള്ളയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ സംഘത്തിലെ ബാക്കിയുള്ളവർ സ്ഥലത്ത് നിന്ന് ഓടിപ്പോയി.




