NEWS

കോട്ടയത്ത് മദ്യലഹരിയിൽ പതിനെട്ടുകാരന്റെ ഇന്നോവ പാച്ചിൽ: നിരവധി വാഹനങ്ങൾ തകർത്തു, നാട്ടുകാർ പിടികൂടി

കോട്ടയത്ത് അമിതവേഗതയിൽ എട്ട് കിലോമീറ്ററോളം ഇന്നോവ കാർ ഓടിച്ച് ഭീതിപരത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി. ഇന്ന് വൈകുന്നേരം ഏഴുമണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. തിരുവല്ല സ്വദേശിയായ പതിനെട്ടു വയസ്സുകാരൻ ഗോകുൽ ബിനുവാണ് അശ്രദ്ധമായി വാഹനം ഓടിച്ച് അപകടങ്ങൾ വരുത്തിയത്.

പായിപ്പാട് വെള്ളാപ്പള്ളി മുതൽ തെങ്ങണ വഴി കണ്ണോട്ട വരെ നീണ്ട എട്ട് കിലോമീറ്റർ ദൂരമാണ് യുവാവ് അപകടകരമായ രീതിയിൽ വാഹനം പായിച്ചത്. വഴിയിലുടനീളം നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പാഞ്ഞ ഇന്നോവയുടെ മുൻഭാഗത്തെ ടയർ പൊട്ടിയിരുന്നു. ടയറില്ലാതെ ഡിസ്ക് മാത്രം റോഡിലൂടെ ഉരസി തീപ്പൊരികൾ ചിതറിച്ചുകൊണ്ടായിരുന്നു ഇയാളുടെ മരണപ്പാച്ചിൽ. വിവരമറിഞ്ഞ് നാട്ടുകാർ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഗോകുൽ വകവയ്ക്കാതെ യാത്ര തുടർന്നു. തുടർന്ന് മറ്റ് വാഹനങ്ങളിൽ പിന്തുടർന്നെത്തിയ നാട്ടുകാരാണ് കോട്ടയം തെങ്ങണയിൽ വെച്ച് കാർ തടഞ്ഞുനിർത്തിയത്.

സംഭവസ്ഥലത്തെത്തിയ തൃക്കൊടിത്താനം പൊലീസ് ഗോകുൽ ബിനുവിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഉപയോഗിച്ച ഇന്നോവ കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Sports ⏭️

Read News ⏭️

Back to top button