NEWS

ശബരിമല തീർത്ഥാടകർക്ക് വഴികാട്ടിയായി പുതിയ മൊബൈൽ ആപ്പ്

ശബരിമല തീർഥാടകർക്ക് ആവശ്യമായ എല്ലാവിധ സേവനങ്ങളും കൃത്യമായ വിവരങ്ങളും പരാതികൾ അറിയിക്കാനുള്ള സൗകര്യങ്ങളും വിരൽത്തുമ്പിലെത്തിക്കാൻ പത്തനംതിട്ട ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിപുലമായ ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കി. ഇതിനായി ശബരി പോർട്ടലും വാട്സാപ് അധിഷ്ഠിതമായ ശബരി ചാറ്റ്ബോട്ടുമാണ് അധികൃതർ സജ്ജമാക്കിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട സേവനങ്ങൾ എല്ലാം തന്നെ ഒറ്റ പ്ലാറ്റ്‌ഫോമിൽ ലഭ്യമാക്കുന്ന ആദ്യ സംരംഭമാണിത്. www.sabariportaldcpta.in എന്ന വെബ്സൈറ്റ് സന്ദർശിക്കുന്നതിലൂടെ തീർഥാടകർക്ക് ഈ സേവനങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്.

പത്തനംതിട്ട കലക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ അജിത് ശ്രീനിവാസ്, ലാൻഡ് റവന്യു കമ്മിഷണറേറ്റിലെ റവന്യു ഇൻസ്പെക്ടർ ബി. യഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഈ പുതിയ സംവിധാനം രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. ദർശന സമയം, പൂജകളുടെ സമയക്രമം, വെർച്വൽ ക്യു ബുക്കിങ് ചെയ്യാനുള്ള ലിങ്ക് എന്നിവയെല്ലാം ഈ പോർട്ടലിൽ വളരെ എളുപ്പത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നീ പ്രധാന കേന്ദ്രങ്ങളിലെ ശുദ്ധജലം ലഭിക്കുന്ന ഇടങ്ങൾ, പൊതുശൗചാലയങ്ങൾ, ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ, പോലീസ് സഹായം ലഭ്യമാകുന്ന സ്ഥലങ്ങൾ, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം തുടങ്ങിയവയെല്ലാം ‘ശബരി മാപ്പ്’ വഴി തീർഥാടകർക്ക് കൃത്യമായി മനസ്സിലാക്കാം. കൂടാതെ, കേരളത്തിലെ പ്രമുഖ സർക്കാർ ആശുപത്രികളുടെയും മെഡിക്കൽ കോളജുകളുടെയും ലൊക്കേഷനും കോൺടാക്ട് നമ്പറുകളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിനു പുറമെ, തിരുവല്ല, ചെങ്ങന്നൂർ, കോട്ടയം തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിലെ ട്രെയിൻ സമയക്രമവും ഈ ഡിജിറ്റൽ സംവിധാനത്തിലൂടെ അറിയാൻ സാധിക്കും.

Fashion ⏭️

Back to top button