നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെതിരെ ഹൈക്കോടതിയിൽ പരാതി

അഡ്വ. ടി ബി മിനി, ഹണി എം വർഗീസ്
കൊച്ചി: സിനിമാതാരം ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് മുൻ വിചരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ നടപടി ആവശ്യപ്പെട്ട് അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയിൽ. സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഡ്വ. ടി.ബി. മിനിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. വിചാരണ വേളയിൽ താൻ കോടതിയിൽ ഉറങ്ങുകയായിരുന്നുവെന്നും, പത്ത് ദിവസത്തിൽ താഴെ മാത്രമാണ് ഹാജരായതെന്നും ജഡ്ജി നടത്തിയ പരാമർശങ്ങൾ തികച്ചും അപകീർത്തികരമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെട്ട് സ്വമേധയാ കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്യണമെന്നാണ് പ്രധാന ആവശ്യം. 2026 ജനുവരി 12-ന് ജഡ്ജി ഹണി എം. വർഗീസ് നടത്തിയ പ്രസ്താവന തന്റെ ഔദ്യോഗിക ജീവിതത്തിലെ വിശ്വാസ്യതയ്ക്ക് കളങ്കമേൽപ്പിക്കുകയും, പിന്നാലെ സാമൂഹ്യമാധ്യമങ്ങളിലൂടെ കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വരികയും ചെയ്തുവെന്ന് അഡ്വ. ടി.ബി. മിനി വ്യക്തമാക്കുന്നു. ഇത്തരം നടപടികൾ തനിക്ക് കടുത്ത മാനസിക പ്രയാസം സൃഷ്ടിച്ചുവെന്നും അവർ ഹർജിയിൽ കൂട്ടിച്ചേർത്തു.
നേരത്തെ, ഇതേ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് അഡ്വക്കറ്റ് ജനറലിന് ഇവർ പരാതി സമർപ്പിച്ചിരുന്നു. എന്നാൽ, എജി ഈ ആവശ്യം നിരാകരിച്ചതോടെയാണ് അഡ്വ. ടി.ബി. മിനി ഹൈക്കോടതിയെ നേരിട്ട് സമീപിച്ചത്. ഹർജിയിൽ നാളെ ഹൈക്കോടതി വാദം കേൾക്കും.




