സമരങ്ങൾക്കായി പൊതുസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈയേറാൻ പാടില്ല: സുപ്രീം കോടതിയുടെ കർശന നിർദേശം

ന്യൂഡൽഹി: ഏതു പ്രദേശമായാലും അനിശ്ചിതകാലത്തേക്ക് കൈയടക്കി വച്ചുകൊണ്ട് സമരം നടത്താൻ ആർക്കും അധികാരമില്ലെന്നും, ഇത്തരത്തിലുള്ള പ്രക്ഷോഭങ്ങൾക്കായി അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിൽ പോലും നിശ്ചിത സമയപരിധി നിർബന്ധമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കഴിഞ്ഞ മാസം തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ജന്തർ മന്തറിലും രാംലീല മൈതാനിയിലും നടന്ന വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്കെതിരെ സമർപ്പിച്ച ഹർജികളിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നയിച്ച ബെഞ്ചിന്റേതാണ് ഈ സുപ്രധാന നിരീക്ഷണം.
നേരത്തെ പ്രതിഷേധവേദിയായി കണക്കാക്കിയിരുന്ന ജന്തർ മന്തറിന് ആ പദവി പിന്നീട് നഷ്ടപ്പെട്ടിരുന്നു. പകരമായി രാംലീല മൈതാനി ഉൾപ്പെടെ മൂന്ന് സ്ഥലങ്ങളാണ് സമരങ്ങൾക്കായി ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. ഉത്സവകാലങ്ങളിൽ പൊതുജനജീവിതത്തിനും വാണിജ്യ പ്രവർത്തനങ്ങൾക്കും തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള സമരങ്ങൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടനകൾ നൽകിയ ഹർജിയിൽ കേന്ദ്ര സർക്കാരിനോടും ബന്ധപ്പെട്ട അധികൃതരോടും കോടതി മറുപടി തേടിയിട്ടുണ്ട്.
‘‘ഒരു നിശ്ചിത സ്ഥലം എന്നേക്കുമായി കൈയടക്കി വെക്കാൻ ആർക്കും അവകാശമില്ല. പ്രതിഷേധിക്കാൻ ആഗ്രഹിക്കുന്ന മറ്റാളുകളും ഇവിടെയുണ്ട്. കർഷകരും അഭിഭാഷകരും ഉൾപ്പെടെയുള്ളവർ പിന്നീട് എങ്ങോട്ട് പോകും? ജനാധിപത്യത്തിൽ എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്,’’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു.




