LIFESTYLE

സൂര്യപ്രകാശം വില്‍ക്കാന്‍ യുഎസ് സ്റ്റാര്‍ട്ടപ്പ്: ഇന്ത്യന്‍ കമ്പനിയുമായി കരാര്‍


പ്രതീകാത്മക ചിത്രം

വാഷിംഗ്‌ടൺ: സൂര്യപ്രകാശം വിൽക്കുക എന്ന വിചിത്രവും നൂതനവുമായ ആശയവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്കൻ സ്റ്റാർട്ടപ്പ് കമ്പനി. സന്ധ്യാസമയത്തിന് ശേഷം ഭൂമിയിലേക്ക് സൂര്യരശ്മികൾ പ്രതിഫലിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഭീമൻ കണ്ണാടികൾ ബഹിരാകാശത്ത് വിന്യസിക്കാനാണ് കമ്പനിയുടെ തീരുമാനം. കാലിഫോർണിയ കേന്ദ്രമായി പ്രവർത്തിക്കുന്ന റിഫ്‌ളക്ട് ഓർബിറ്റൽ എന്ന കമ്പനിയാണ് ഈ ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത്. തങ്ങളുടെ സാങ്കേതിക വിദ്യയുടെ പരീക്ഷണാർത്ഥം രണ്ട് റോക്കറ്റ് വിക്ഷേപണങ്ങൾ നടത്തുന്നതിനായി ഇന്ത്യയുടെ സ്‌കൈറൂട്ട് എയ്‌റോസ്‌പേസുമായി ഇവർ ഇതിനകം ധാരണയിലെത്തിക്കഴിഞ്ഞു.

സൂര്യൻ അസ്തമിച്ചുകഴിഞ്ഞാൽ ഇരുട്ടിലാകുന്ന പ്രദേശങ്ങളിൽ വെളിച്ചമെത്തിക്കാൻ 18×18 മീറ്റർ വലിപ്പമുള്ള കണ്ണാടികളാണ് ഭ്രമണപഥത്തിൽ സ്ഥാപിക്കുക. ഏകദേശം അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പ്രകാശം വിതറാൻ ശേഷിയുള്ളതാണ് ഈ കണ്ണാടികൾ. നിശ്ചിത തുക നൽകുന്ന ഉപഭോക്താക്കൾക്കായി ആഗ്രഹിക്കുന്ന ഇടത്തേക്ക് വെളിച്ചം തിരിച്ചുവിടാൻ സാധിക്കുന്ന സ്റ്റിയറബിൾ മിറർ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിക്കുന്നത്.

സോളാർ പവർ പ്ലാന്റുകൾക്ക് കൂടുതൽ സമയം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള അവസരമൊരുക്കുക, പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നയിടങ്ങളിൽ വെളിച്ചമെത്തിക്കുക, രക്ഷാപ്രവർത്തനങ്ങൾ സുഗമമാക്കുക തുടങ്ങിയ സേവനങ്ങളാണ് ഈ ‘ഓൺ-ഡിമാൻഡ്’ സൂര്യപ്രകാശ പദ്ധതിയിലൂടെ കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2027-ന്റെ മധ്യത്തോടെ പദ്ധതിയുടെ ആദ്യഘട്ട ദൗത്യം ആരംഭിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

2035-ഓടെ 50,000 കൃത്രിമോപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കാനാണ് റിഫ്‌ളക്ട് ഓർബിറ്റലിന്റെ പദ്ധതി. ചന്ദ്രനിൽ നിന്നുള്ള പ്രകാശത്തിന് സമാനമായ വെളിച്ചമായിരിക്കും ഈ കണ്ണാടികൾ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുകയെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ‘ഇയർൻഡിൽ-1’ എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ ഉപഗ്രഹമാണ് പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നത്. ഒരു പ്രത്യേക മൊബൈൽ ആപ്ലിക്കേഷനിലൂടെ ഉപഭോക്താക്കൾക്ക് തങ്ങൾക്ക് ആവശ്യമുള്ള സ്ഥലത്തേക്ക് സൂര്യപ്രകാശം ലഭ്യമാക്കാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചു.

Sports ⏭️

Back to top button