LIFESTYLE

ആൺ പപ്പായയെ പെൺപപ്പായയാക്കാം; മികച്ച വിളവെടുപ്പിന് ഈ വിദ്യ പരീക്ഷിക്കൂ

പപ്പായ

ധാരാളം ആരോഗ്യഗുണങ്ങൾ ഒത്തിണങ്ങിയ, ഏറെപ്പേർക്കും പ്രിയപ്പെട്ടൊരു ഫലവർഗ്ഗമാണ് പപ്പായ. പപ്പായ ചെടികളിൽ ആൺ, പെൺ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളുണ്ട്. സാധാരണയായി ആൺ പപ്പായ ചെടികളെ കായ്ക്കാത്തവ എന്ന കാരണത്താൽ പലരും വെട്ടിമാറ്റാറാണ് പതിവ്. എന്നാൽ ഇത്തരം ആൺ പപ്പായ ചെടികളെ ഗ്രാഫ്റ്റിംഗ് രീതിയിലൂടെ പെൺ ചെടികളാക്കി മാറ്റി, നല്ല വലിപ്പവും തൂക്കവുമുള്ള ഫലങ്ങൾ വിളവെടുക്കാൻ സാധിക്കുമെന്നത് പലർക്കും അറിയാത്ത കാര്യമാണ്.

പെൺ പപ്പായ ചെടിയുടെ തണ്ട് മുറിച്ചെടുത്ത് ആൺ പപ്പായയുടെ തണ്ടിൽ ഗ്രാഫ്റ്റ് ചെയ്യുന്നതിലൂടെയാണ് ഈ വിദ്യ പ്രാവർത്തികമാക്കുന്നത്. ധാരാളം പൂക്കൾ കുലകളായി വിരിയുന്നതാണ് ആൺ പപ്പായയുടെ സവിശേഷത. ഗ്രാഫ്റ്റിംഗിനായി ആൺ പപ്പായയുടെ മുകൾഭാഗത്തുള്ള തടിക്ക് കനം കുറഞ്ഞ ഭാഗം തിരഞ്ഞെടുക്കണം. ആദ്യം നല്ല ഗുണമേന്മയുള്ള ഒരു പെൺ പപ്പായ ചെടിയിൽ നിന്നും തണ്ട് മുറിച്ചെടുക്കുക. ആൺ പപ്പായയുടെ തണ്ടിന്റെ വണ്ണത്തിന് അനുസരിച്ചുള്ള തണ്ട് തന്നെ വേണം തിരഞ്ഞെടുക്കാൻ. മുറിച്ചെടുത്ത തണ്ടിലെ ഇലകളെല്ലാം പൂർണ്ണമായും നീക്കം ചെയ്യണം.

തുടർന്ന് ആൺ പപ്പായ ചെടിയുടെ മുകൾഭാഗം മുറിച്ചു മാറ്റുക. ഇതിലെ ഇലകളും പൂർണ്ണമായും ഒഴിവാക്കണം. അണുവിമുക്തമാക്കിയ മൂർച്ചയേറിയ കത്തി ഉപയോഗിച്ച് വേണം ഈ പ്രക്രിയ ചെയ്യാൻ. മുകൾഭാഗം മുറിച്ചുമാറ്റുമ്പോൾ തണ്ടിന്റെ നടുവിലായി ഒരു ദ്വാരം രൂപപ്പെടും. ഈ ദ്വാരം ചെറുതായി കീറി പെൺ പപ്പായയുടെ തണ്ട് അകത്ത് കയറ്റാൻ പാകത്തിന് വികസിപ്പിക്കണം. പെൺ തണ്ടിന്റെ താഴ്ഭാഗം ഇരുവശത്തുനിന്നും ചീകി മിനുക്കി, ആൺ പപ്പായ തണ്ടിന്റെ ഉള്ളിലേക്ക് കൃത്യമായി ഇറക്കിവെക്കുക. ശേഷം ഗ്രാഫ്റ്റിംഗ് ടേപ്പ് ഉപയോഗിച്ച് ഈ ഭാഗം വായു കടക്കാത്ത വിധം മുറുക്കി കെട്ടുക. ഒരു മാസത്തിന് ശേഷം മാത്രമേ ഈ കെട്ട് അഴിക്കാൻ പാടുള്ളൂ. ഗ്രാഫ്റ്റ് ചെയ്ത ഭാഗത്ത് നേരിട്ട് വെയിൽ അടിക്കാത്ത രീതിയിൽ ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് അയവായി മൂടി കെട്ടിവെക്കുന്നതും നല്ലതാണ്.

Sports ⏭️

Back to top button