പ്രശസ്ത മേക്കപ് ആർട്ടിസ്റ്റ് പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ ∙ മലയാള സിനിമയിലെ പ്രശസ്ത മേക്കപ് ആർട്ടിസ്റ്റ് പാണ്ഡ്യൻ (74) അന്തരിച്ചു. ചെന്നൈ വിരുഗമ്പാക്കത്തുള്ള വസതിയിലായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടുകൾ നീണ്ട സിനിമാജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അഞ്ഞൂറോളം സിനിമകളിൽ അദ്ദേഹം തന്റെ കരവിരുതുകൾ അടയാളപ്പെടുത്തി.
സത്യൻ അന്തിക്കാട്, കമൽ, ജോഷി തുടങ്ങിയ പ്രമുഖ സംവിധായകരുടെയെല്ലാം വിശ്വസ്തനായ മേക്കപ്മാനായിരുന്നു പാണ്ഡ്യൻ. അവരുടെ മിക്ക ചിത്രങ്ങളിലും അദ്ദേഹം അവിഭാജ്യ ഘടകമായിരുന്നു. പതിനാറാം വയസ്സിൽ പ്രശസ്ത നടൻ സത്യന്റെ മേക്കപ്മാനായ കൃഷ്ണരാജന്റെ സഹായിയായാണ് പാണ്ഡ്യൻ സിനിമാലോകത്തേക്ക് കാലെടുത്തു വെക്കുന്നത്. പ്രമുഖ ഛായാഗ്രാഹകൻ ജെ. വില്യംസിന്റെ സഹായിയായും ചില തമിഴ് സിനിമകളിൽ അസിസ്റ്റന്റ് എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1972-ൽ പ്രദർശനത്തിനെത്തിയ ‘പുള്ളിമാൻ’ എന്ന ചിത്രത്തിൽ പ്രഗത്ഭനായ മേക്കപ്മാൻ എം.ഒ. ദേവസ്യയുടെ സഹായിയായാണ് തുടക്കം. പിന്നീട് വിവിധ ഭാഷകളിൽ മേക്കപ് അസിസ്റ്റന്റായി തിളങ്ങിയ ശേഷം, 1978-ൽ ജെ. വില്യംസ് സംവിധാനം ചെയ്ത ‘മദാലസ’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര മേക്കപ്മാനായി അദ്ദേഹം ചുവടുറപ്പിച്ചു.




