ചിമ്പു പൊലീസ് വേഷത്തിൽ; നായികയായി നയൻതാര എത്തുമോ

ഒരു കാലത്ത് വെള്ളിത്തിരയ്ക്ക് പുറത്തും പ്രണയത്തിലൂടെ ശ്രദ്ധേയരായ നയൻതാരയും ചിമ്പുവും വീണ്ടുമൊരു സിനിമയ്ക്കായി കൈകോർക്കുന്നുവെന്ന വാർത്ത സിനിമാലോകത്ത് ചർച്ചയാകുന്നു. ദശാബ്ദത്തിന് ശേഷം ഇരുവരും സ്ക്രീനിൽ ഒന്നിച്ചെത്താൻ ഒരുങ്ങുന്നത് ‘ഡ്യൂഡ്’ ഫെയിം കീർത്തീശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ്. ഈ പ്രോജക്റ്റിൽ നായികയായി നയൻതാരയെ പരിഗണിക്കുന്നതായും അണിയറപ്രവർത്തകർ താരവുമായി ചർച്ചകൾ സജീവമാക്കിയെന്നുമാണ് പുറത്തുവരുന്ന വിവരം. എങ്കിലും, ഇക്കാര്യത്തിൽ അന്തിമമായ സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
2006-ൽ ചിമ്പുവിന്റെ സംവിധാനത്തിൽ പിറന്ന ‘വല്ലവൻ’ ആയിരുന്നു ഇരുവരും ജോഡിയായി അഭിനയിച്ച ആദ്യ ചിത്രം. തുടർന്ന് 2016-ൽ പാണ്ഡിരാജ് ഒരുക്കിയ ‘ഇത് നമ്മ ആളു’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ച് വേഷമിട്ടിരുന്നു.
കീർത്തീശ്വരൻ ഒരുക്കുന്ന പുതിയ ചിത്രം ഒരു പോലീസ് കഥാപശ്ചാത്തലത്തിലുള്ള എന്റർടെയ്നറായിരിക്കുമെന്നാണ് സൂചനകൾ. ചിമ്പു പോലീസ് വേഷത്തിലായിരിക്കും ചിത്രത്തിൽ പ്രത്യക്ഷപ്പെടുകയെന്നും റിപ്പോർട്ടുകളുണ്ട്. സായ് അഭ്യങ്കർ സംഗീതസംവിധാനം നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ ഡിസംബർ മാസം തുടങ്ങാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
അതേസമയം, ‘അരസൻ’ എന്ന ചിത്രമാണ് ചിമ്പുവിന്റേതായി റിലീസിന് തയ്യാറെടുക്കുന്നത്. വെട്രിമാരനും ചിമ്പുവും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ പ്രിയങ്ക മോഹനാണ് നായികയായി എത്തുന്നത്. ചിമ്പുവിന്റെ അമ്മയുടെ വേഷത്തിൽ ആൻഡ്രിയ ജെർമിയ എത്തുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. വിജയ് സേതുപതി, സമുദ്രക്കനി, കിഷോർ എന്നിവർക്കൊപ്പം മലയാളി താരം ജിബിൻ ഗോപിനാഥും ഈ സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.




