മഹാരാജാസ് കോളേജ്: രണ്ട് എസ്.എഫ്.ഐ നേതാക്കളെ സസ്പെൻഡ് ചെയ്തു

കൊച്ചി: മഹാരാജാസ് കോളേജിലെ ബിരുദദാന ചടങ്ങിനിടെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ പ്രതിഷേധം ഉയർത്തിയ കോളേജ് യൂണിയൻ ഭാരവാഹികളായ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ അച്ചടക്കനടപടി. യൂണിയൻ ചെയർമാൻ വി. പ്രനീൽരാജ്, വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയ എന്നിവരെ പത്ത് ദിവസത്തേക്കാണ് കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്നത്. പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ചേർന്ന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണ്ണായക തീരുമാനം കൈക്കൊണ്ടത്.
കഴിഞ്ഞ മുപ്പതാം തീയതിയായിരുന്നു സംഭവം നടന്നത്. കാലടി സർവകലാശാലയിലെ പതിനാറ് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത വിഷയത്തിൽ പ്രതിഷേധിച്ച് വേദിയിലേക്ക് എത്തിയ വൈസ് ചെയർപേഴ്സൺ നഫീസത്തുൾ മിസ്രിയ മന്ത്രിയോട് നേരിട്ട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. ഈ നടപടിയാണ് പിന്നീട് സസ്പെൻഷനിൽ കലാശിച്ചത്.
അതേസമയം, ഈ സസ്പെൻഷൻ നടപടിയെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ വ്യക്തമാക്കി. ബിരുദദാനച്ചടങ്ങിന്റെ അന്തസ്സ് കളങ്കപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സംയുക്ത അധ്യാപക സമിതിയുടെ നേതൃത്വത്തിൽ കോളേജിൽ മൗനജാഥയും സംഘടിപ്പിക്കുകയുണ്ടായി.




