NEWS

നാലാം വർഷ ബിരുദ ക്ലാസുകൾക്കായി ഗവൺമെന്റ് കോളേജുകൾക്ക് 80 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം

തിരുവനന്തപുരം: നാലുവർഷ ബിരുദ കോഴ്സുകളുടെ നാലാം വർഷം വരുന്ന ജൂൺ മാസം ആരംഭിക്കാനിരിക്കെ, പുതിയ ക്ലാസ് മുറികൾ സജ്ജീകരിക്കുന്നതിനായി സർക്കാരിന് ഏകദേശം 80 കോടി രൂപയുടെ അധിക ചെലവ് വേണ്ടി വരും. സംസ്ഥാനത്തെ 78 സർക്കാർ കോളേജുകളിലായി ശരാശരി എട്ടു വീതം പുതിയ ക്ലാസ് മുറികൾ അടിയന്തരമായി നിർമ്മിക്കേണ്ടതുണ്ട്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കുക പ്രായോഗികമല്ലാത്തതിനാൽ, മറ്റ് കോളേജുകളിലെ ഒഴിവുള്ള മുറികൾ വാടകയ്ക്ക് എടുക്കാനാണ് സാധ്യത. നാലാം വർഷ ബിരുദ വിദ്യാർത്ഥികളുടെ ക്ലാസുകൾ തൊട്ടടുത്തുള്ള ക്യാമ്പസുകളിലേക്കോ അല്ലെങ്കിൽ സൗകര്യപ്രദമായ മറ്റ് കെട്ടിടങ്ങളിലേക്കോ മാറ്റുന്നതിനെക്കുറിച്ചും ആലോചനകളുണ്ട്. നാലാം വർഷത്തിൽ വിദ്യാർത്ഥികളുടെ എണ്ണം കുറവാണെങ്കിലും ക്ലാസ് മുറികളുടെ ആവശ്യകതയിൽ വിട്ടുവീഴ്ച സാധ്യമല്ല. നിലവിലുള്ള ലബോറട്ടറി, ലൈബ്രറി സംവിധാനങ്ങൾ തന്നെ നാലാം വർഷ വിദ്യാർത്ഥികൾക്കും പങ്കിടാവുന്നതാണ്.

എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി പ്രവർത്തിക്കുന്ന 900-ഓളം കോളേജുകളിലും സമാനമായ പ്രതിസന്ധിയാണുള്ളത്. ഇവർ സ്വന്തം നിലയ്ക്ക് ഫണ്ട് കണ്ടെത്തി വേണം ക്ലാസ് മുറികൾ ഒരുക്കാൻ. തിരക്ക് ഒഴിവാക്കാൻ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ ക്രമീകരിക്കുന്നതും ആലോചനയിലുണ്ട്. ആവശ്യത്തിന് ഭൂമി ലഭ്യമായ കോളേജുകളിൽ പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് താത്കാലിക ക്ലാസ് മുറികൾ നിർമ്മിക്കാനും അനുമതി നൽകിയേക്കും. ഒരേ മാനേജ്മെന്റിന് കീഴിൽ ഒന്നിലധികം കോളേജുകളുള്ള ഇടങ്ങളിൽ നാലാം വർഷ ക്ലാസുകൾ മറ്റൊരു ക്യാമ്പസിലേക്ക് മാറ്റാനും അനുമതി ലഭിച്ചേക്കാം. മൂന്നാം വർഷ ബിരുദ പരീക്ഷയിൽ 75 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കുന്നവർക്ക് മാത്രമേ ‘ഓണേഴ്സ് വിത്ത് റിസർച്ച്’ കോഴ്സിന് പ്രവേശനം ലഭിക്കുകയുള്ളൂ.

സിലബസും പുതുക്കും

 നാലാം വർഷ ബിരുദ കോഴ്സുകളിലെ പാഠ്യപദ്ധതിയിൽ അനിവാര്യമായ മാറ്റങ്ങൾ വരുത്താൻ കേരള, എം.ജി, കാലിക്കറ്റ് സർവകലാശാലകളോട് ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിർദ്ദേശിച്ചിട്ടുണ്ട്. വരുന്ന ആറുമാസത്തിനുള്ളിൽ സിലബസ് പരിഷ്കരണം പൂർത്തിയാകും.

 തൊഴിൽ വിപണിയുടെ ആവശ്യങ്ങൾക്കും നിലവിലെ കാലഘട്ടത്തിനും അനുയോജ്യമായ രീതിയിലാകും സിലബസ് പരിഷ്കരിക്കുക. ഭാഷാപ്രാവീണ്യവും തൊഴിൽ നൈപുണ്യവും വർദ്ധിപ്പിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. കോഴ്സുകളുടെ ഘടനയും പാഠ്യപദ്ധതിയും പരിഷ്കരിക്കാൻ യു.ജി.സിയും നേരത്തെ നിർദ്ദേശം നൽകിയിരുന്നു.

”നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി ക്ലാസ് മുറികൾ വാടകയ്ക്ക് എടുക്കുന്നതും, മറ്റ് ക്യാമ്പസുകളിലേക്ക് ക്ലാസുകൾ മാറ്റുന്നതും, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തുന്നതുമടക്കമുള്ള വിവിധ മാർഗ്ഗങ്ങൾ പരിഗണനയിലുണ്ട്.””

-ഡോ. അച്യുത് ശങ്കർ എസ്. നായർ
ഉപാദ്ധ്യക്ഷൻ, ഉന്നതവിദ്യാഭ്യാസ കൗൺസിൽ

Sports ⏭️

Read News ⏭️

Back to top button