പി പി ദിവ്യയ്ക്കെതിരായ വിജിലൻസ് നടപടി: കണ്ണൂർ ജില്ലാ പഞ്ചായത്തിൽ നിന്നും അഞ്ച് ഫയലുകൾ പിടിച്ചെടുത്തു

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം ശക്തമാക്കുന്നു. ദിവ്യയുടെ ബിനാമി സ്ഥാപനമെന്ന ആക്ഷേപം നേരിടുന്ന ‘കാർട്ടൺ ഇന്ത്യ’ എന്ന കമ്പനിക്ക് വഴിവിട്ട് കരാറുകൾ നൽകിയെന്ന പരാതിയിലാണ് നിർണായക നീക്കങ്ങൾ നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്തിൽ നിന്നും 12 കോടി രൂപയുടെ പദ്ധതികളുടെ രേഖകൾ വിജിലൻസ് സംഘം പിടിച്ചെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരിക്കെ, കാർട്ടൺ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡിന് 12 കോടിയിലേറെ രൂപയുടെ കരാർ ലഭിച്ചത് ക്രമക്കേടിലൂടെയാണെന്ന പരാതിയിലാണ് നടപടി. മൊത്തം അഞ്ച് സുപ്രധാന ഫയലുകളാണ് വിജിലൻസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. മോഡുലാർ ടോയ്ലറ്റുകളുടെ നിർമ്മാണം, എബിസി കേന്ദ്രത്തിന്റെ പണി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകളാണ് പരിശോധനയ്ക്കായി പിടിച്ചെടുത്തത്. ഈ ഫയലുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷം തുടർ നടപടികൾ തീരുമാനിക്കും.
പൊതുമേഖലാ സ്ഥാപനമായ ‘സിൽക്ക്’ മുഖേനയാണ് കാർട്ടൺ ഇന്ത്യയ്ക്ക് കരാറുകൾ ലഭിച്ചിരുന്നത്. അതിനാൽ, സിൽക്കിലെ ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്. നിലവിൽ വിജിലൻസ് ഉത്തരമേഖലാ എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.
മുൻ സർക്കാർ കാലയളവിൽ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം. പി.പി. ദിവ്യയ്ക്ക് ബിനാമി ബന്ധമുള്ള കമ്പനിയാണ് കാർട്ടൺ ഇന്ത്യയെന്നും, അവർക്ക് അവിഹിതമായി കരാറുകൾ നൽകി സർക്കാർ ഖജനാവിന് നഷ്ടമുണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു. നേരത്തെ, അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. എന്നാൽ, നിലവിലെ സർക്കാർ അന്വേഷണത്തിന് പച്ചക്കൊടി കാട്ടിയതോടെയാണ് വിജിലൻസ് സംഘം നടപടികളുമായി മുന്നോട്ട് പോകുന്നത്.
RELATED TOPICS: PP DIVYA VIGILANCE INVESTIGATION, CARTON INDIA CONTRACT SCAM, KANNUR DISTRICT PANCHAYAT CORRUPTION, PP DIVYA BENAMI COMPANY, KERALA VIGILANCE PROBE




