ദുബായ്: ഉറക്കത്തിലേക്ക് വഴുതിയ ഡ്രൈവർ; നിയന്ത്രണം വിട്ട ട്രക്ക് ബാരിയറിലിടിച്ച് തകർന്നു

ദുബായ് എമിറേറ്റ്സ് റോഡിൽ (ഇ611) അമിതക്ഷീണത്തെ തുടർന്ന് ഡ്രൈവർ ഉറക്കത്തിലേക്ക് വഴുതിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ ട്രക്ക് സുരക്ഷാ വേലിയിലിടിച്ച് തകർന്നു. ദുബായ് ഫ്ലൈ ഓവറിന് സമീപത്തുകൂടി അബുദാബിയിലേക്ക് സഞ്ചരിക്കുകയായിരുന്ന ട്രക്കാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് ഉറക്കം തൂങ്ങിയതോടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും, പാതയോരത്തെ മെറ്റൽ ബാരിയറിലേക്ക് ഇടിച്ചുകയറുകയുമായിരുന്നു.
അപകടത്തിൽപ്പെട്ട ഡ്രൈവർക്ക് ചെറിയ തോതിലുള്ള പരുക്കുകൾ മാത്രമേ ഏറ്റിട്ടുള്ളൂ. സംഭവസ്ഥലത്തെത്തിയ അധികൃതർ അദ്ദേഹത്തിന് ആവശ്യമായ പ്രഥമശുശ്രൂഷകൾ നൽകി. അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. ഡ്രൈവിങ്ങിനിടെയുണ്ടാകുന്ന അമിതമായ ക്ഷീണം അതീവ ശ്രദ്ധ ചെലുത്തേണ്ട ഒന്നാണെന്നും, കൃത്യമായ വിശ്രമം അനിവാര്യമാണെന്നും ദുബായ് പോലീസ് വീണ്ടും ഓർമ്മിപ്പിച്ചു. ഡ്രൈവറുടെ ഏകാഗ്രതയെയും പെട്ടെന്നുള്ള സാഹചര്യങ്ങളോട് പ്രതികരിക്കാനുള്ള കഴിവിനെയും തളർത്താൻ ക്ഷീണം കാരണമാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.




