NEWS
നാട്ടുകാർ പല പേര് എഴുതുന്ന കേരളത്തിലെ ജില്ല; മലയാളത്തിൽ ‘കാസർകോട്’ എന്നു മതിയെന്ന് ഭാഷാവിദഗ്ധർ

കാസർകോട് ∙ നാട്ടുകാർതന്നെ പല പേര് എഴുതുന്ന ജില്ല കേരളത്തിൽ കാസർകോടുപോലെ വേറെയുണ്ടാവില്ല. കാസർകോട്, കാസർഗോഡ്, കാസറഗോഡ് എന്നിങ്ങനെ പല പേരിലെഴുതുന്നതു ജില്ലയെക്കുറിച്ച് ഇതര നാട്ടുകാർക്കും ആശയക്കുഴപ്പമുണ്ടാക്കുന്നു. അതേസമയം ഇത് നാടിന്റെ ബഹുസ്വരതയുടെ അടയാളമാണെന്നും സ്ഥല–നാമ ഏകീകരണം ആവശ്യമില്ലെന്നും വേറെ ഒരുപക്ഷം പറയുന്നു. ‘കാഞ്ഞിരം എന്ന മരത്തിന്റെ പേരിൽനിന്നാണ് കാസർകോട് ഉണ്ടായതെന്നാണ് എഴുത്തുകാരൻ എം.എ.റഹ്മാൻ പറയുന്നത്. കാസറ എന്നാൽ കന്നഡത്തിൽ കാഞ്ഞിരം’ എന്നർഥം. കാസറിന്റെ കാട് എന്നത് ‘കാസർകോടാ’യി എന്നും റഹ്മാൻ പറയുന്നു.കന്നഡ സ്വാധീനം കാസർ അല്ലെങ്കിൽ കോസർ വർഗക്കാർ താമസിച്ച സ്ഥലം എന്നതിൽനിന്നാണ് സ്ഥലനാമം ഉണ്ടായതെന്ന് കരുതുന്നവരുമുണ്ട്. ഈ അർഥത്തിൽ കാസർകോട് എന്നുള്ളത് കന്നഡയിൽ എത്തിയപ്പോൾ കാസർഗോഡ് എന്നായി എന്നാണ് ഇവരുടെ നിരീക്ഷണം. മലയാളത്തിലെ ‘ക’ കന്നഡത്തിലെത്തുമ്പോൾ ‘ഗ’. എന്നായി മാറുന്നതിനാലാണ് ഈ മാറ്റമെന്നും ഇവർ ചുണ്ടിക്കാട്ടുന്നു. അശോകചക്രവർത്തിയുടെ കാലത്തെ ഉത്തരവുകളിൽ കാസർ വിഭാഗത്തെക്കുറിച്ച് പറയുന്നുണ്ടെന്ന് ചരിത്രഗവേഷകനായ ഡോ.സി.ബാലൻ പറയുന്നു. എന്നാൽ, ഇവർക്ക് പിന്നീട് എന്തു സംഭവിച്ചെന്ന് പറയാനാകില്ല. ഇവരുടെ കാലം സംബന്ധിച്ചും കൃത്യമായ തെളിവുകളില്ല. ഇവരെക്കുറിച്ചു കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്നതാണു കാരണം. ജില്ലാ ഭരണകൂടത്തിന്റെ മലയാളം ചരിത്രവിവരണത്തിൽ ‘കാസറഗോഡ്’ എന്നാണ് ഉപയോഗിച്ചിരുന്നത്. കാസറഗോഡ് എന്ന പേര് ഔദ്യോഗികമായി ഉപയോഗിക്കാനാണ് വർഷങ്ങൾക്കു മുൻപ് ജില്ലാ ഭരണകൂടം സർക്കുലർവഴി നിർദേശം നൽകിയത്.
Fashion ⏭️




