NEWS
‘സാറിന്റെ ചിരി കാണാൻ നല്ല രസമാണ്’; മുഖ്യമന്ത്രിക്ക് കത്തെഴുതി കുട്ടികൾ, അവിടെ വന്ന് കാണുമെന്ന് മറുപടി

ആലക്കോട് ∙ ലോക കത്തെഴുത്ത് ദിനത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശനു എഴുതിയ കത്തിന് മറുപടി ലഭിച്ച ആഹ്ലാദത്തിലാണ് ഉദയഗിരി പ്രത്യാശ യുപി സ്കൂളിലെ കുട്ടികൾ. തന്റെ ചിരിയെ വർണിച്ച് എഴുതിയ കുട്ടികൾക്ക് സ്നേഹം നിറഞ്ഞ മറുപടിയാണ് മുഖ്യമന്ത്രി നൽകിയത്. കുട്ടികളുടെ പ്രധാന ആവശ്യമായ സ്മാർട് ക്ലാസ് മുറികളുടെ കാര്യം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് സജീവ് ജോസഫ് എംഎൽഎയുമായി സംസാരിച്ചിട്ടുണ്ടെന്നും സ്കൂൾ സന്ദർശിച്ച് നേരിട്ടുകണ്ട് സ്മാർട്ട് ക്ലാസ് മുറികൾ ഉൾപ്പെടെയുള്ള ആഗ്രഹങ്ങൾ യാഥാർഥ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും കത്തിൽ പറയുന്നു.മന്ത്രി റോജി എം.ജോൺ പ്രത്യാശ സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്ന് അദ്ദേഹം തന്നെ സ്കൂളിൽ വന്നപ്പോൾ പറഞ്ഞ കാര്യം നിങ്ങൾ ഓർമിപ്പിച്ചിട്ടുണ്ട്. സ്വന്തം സ്കൂളിലെ പൂർവവിദ്യാർഥി മന്ത്രിസഭയിലെ അംഗമായതിൽ കുട്ടികൾക്കുള്ള അഭിമാനം തനിക്ക് മനസ്സിലാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.പ്രിയപ്പെട്ട കുഞ്ഞുങ്ങളെ, ലോക കത്തെഴുത്ത് ദിനത്തിൽ നിങ്ങൾ എല്ലാവരും ചേർന്ന് അയച്ച മനോഹരമായ കത്ത് ലഭിച്ചു. മനോഹരമായ കൈയ്യക്ഷരത്തിൽ, നിറയെ സ്നേഹവും നിഷ്കളങ്കമായ വാക്കുകളും നിറച്ച ആ കത്ത് വായിച്ചപ്പോൾ വലിയ സന്തോഷം തോന്നി. ഒരു കത്ത് വായിക്കുകയായിരുന്നില്ല; പ്രിയപ്പെട്ട കുറെ കുട്ടികൾ നേരിട്ട് സംസാരിക്കുന്നതുപോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.
Fashion ⏭️




