NEWS

ആലപ്പുഴ–കോട്ടയം ജില്ലകളെ ബന്ധിപ്പിക്കും, മാക്കേക്കടവ്–നേരേകടവ് പാലം ഉദ്ഘാടനം 18ന്; നിർമാണം 98.09 കോടി ചെലവിൽ, 800 മീറ്റർ നീളം


പൂച്ചാക്കൽ ∙ ആലപ്പുഴ – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ ഉദ്ഘാടനം 18ന് രാവിലെ 9ന് മാക്കേക്കടവിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും. മന്ത്രിമാരായ പി.കെ. ബഷീർ, എം. ലിജു, മോൻസ് ജോസഫ്, എംപിമാരായ കെ.സി. വേണുഗോപാൽ, ഫ്രാൻസിസ് ജോർജ് തുടങ്ങിയവർ പങ്കെടുക്കുമെന്ന് അരൂർ എംഎൽഎയും ഡപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ, വൈക്കം എംഎൽഎ കെ. ബിനിമോൻ, ആലപ്പുഴ കലക്ടർ ഷാജി വി. നായർ, പൊതുമരാമത്ത് വകുപ്പ് ആലപ്പുഴ എക്സിക്യൂട്ടീവ് എൻജിനീയർ ടി. രേഖ എന്നിവർ അറിയിച്ചു. മാക്കേക്കടവിൽ പാലത്തിനോടു ചേർന്നുള്ള സ്ഥലത്താണ് സമ്മേളനം നടത്താൻ ആലോചിക്കുന്നത്.പാലത്തിന്റെയും അപ്രോച്ച് റോഡുകളുടെയും നിർമാണം പൂർണമായി. സുരക്ഷാ രേഖകൾ വരയ്ക്കുന്നത്, സുരക്ഷാ ഉപകരണങ്ങൾ സ്ഥാപിക്കുന്നത് തുടങ്ങിയവ പുരോഗമിക്കുകയാണ്. തെരുവുവിളക്കുകൾക്ക് വൈദ്യുതി കണക്‌ഷനും ഉടൻ ലഭ്യമാകും. തുറവൂർ – പമ്പ പാതയു‌ടെ ഭാഗമാണ് മാക്കേക്കടവ് – നേരേകടവ് പാലം. തുറവൂരിൽ ആരംഭിച്ച് തൈക്കാട്ടുശേരി, മാക്കേക്കവല, ഉദയനാപുരം, വൈക്കം, കടുത്തുരുത്തി, പാലാ, എരുമേലി വഴി പമ്പയിലെത്തുന്നതാണ് തുറവൂർ – പമ്പ പാത. ആദ്യ ഭാഗമായി തുറവൂർ – തൈക്കാട്ടുശേരി പാലം നിർമാണം 2015ൽ പൂർത്തിയായിരുന്നു.


Fashion ⏭️

Back to top button