NEWS
‘ചണ്ഡിഗഡ് മോഡൽ’ ചന്ത പെരുമ്പഴുതൂരിൽ വരില്ലേ? 2.20 കോടിയുടെ പദ്ധതിയിൽ ‘ചണ്ഡിഗഡ് മാതൃക’ ഉപേക്ഷിച്ചു?

നെയ്യാറ്റിൻകര ∙ പെരുമ്പഴുതൂർ ജംക്ഷൻ വികസനത്തിന്റെ ഭാഗമായി, നിർമിക്കുന്ന ചന്ത നിർമാണം വൈകുന്നതായി പരാതി. 2.20 കോടി രൂപ ചെലവിട്ട് ചണ്ഡിഗഡ് മാതൃകയിൽ നവീകരിക്കാൻ ലക്ഷ്യമിട്ടിരുന്ന മാതൃക ഉപേക്ഷിച്ചുവെന്നും ആക്ഷേപം. എത്രയും വേഗം പദ്ധതി പൂർത്തിയാക്കണമെന്നു ജനം. പെരുമ്പഴുതൂരിൽ ഇരുനില കെട്ടിടമാണ് ചന്തയ്ക്കായി നിർമിക്കാൻ ഉദ്ദേശിച്ചത്. ഇതിൽ 12 മുറി കടകളും പച്ചക്കറി, മത്സ്യ, മാംസ സ്റ്റാളുകളും ഉണ്ടായിരുന്നു. 12 കടമുറികൾ, പെരുമ്പഴുതൂർ ജംക്ഷൻ വികസനവുമായി ബന്ധപ്പെട്ട് ഒഴിപ്പിച്ച വ്യാപാരികൾക്ക് നൽകാനായിരുന്നു അന്നു തീരുമാനിച്ചത്. ഈ പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചിരുന്നു. നിർമാണം ആരംഭിക്കാനുള്ള തയാറെടുപ്പുകൾ ഏതാണ്ട് പൂർത്തിയാക്കിയപ്പോഴാണ് ‘ചണ്ഡിഗഡ് മാതൃക’ ഉപേക്ഷിച്ചതായി അറിയുന്നത്.കഴിഞ്ഞ കൗൺസിൽ ആണ് ചണ്ഡിഗഡിലെ വലിയ മാർക്കറ്റ് സംവിധാനത്തിന്റെ ചെറു പതിപ്പായി പെരുമ്പഴുതൂരിൽ മാർക്കറ്റ് നിർമിക്കാൻ ലക്ഷ്യമിട്ടത്. വിശദമായ പദ്ധതി രൂപരേഖ തയാറാക്കിയത് ഹെർമിറ്റ് ഡിസൈൻ സ്റ്റുഡിയോ ആണ്. നഗരസഭ നിർമിക്കുന്ന ശ്മശാനം, പെരുമ്പഴുതൂർ ജംക്ഷൻ വികസനം എന്നിവയുടെ രൂപരേഖ തയാറാക്കിയതും അവരാണ്. പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 2.20 കോടി രൂപയിൽ 1.20 കോടി രൂപ നഗരസഭയുടെ തനത് വരുമാനത്തിൽ നിന്ന് ചെലവിടാനും ശേഷിക്കുന്ന 1 കോടി രൂപ വായ്പ എടുക്കാനുമായിരുന്നു തീരുമാനം. ഇതിനുള്ള നടപടികൾ മുൻ ചെയർമാൻ പി.കെ.രാജ്മോഹന്റെ കാലത്തു പൂർത്തിയായി. പക്ഷേ, കൗൺസിൽ മാറി വന്നതോടെ പ്ലാൻ മാറിയെന്നാണ് ആക്ഷേപം.
Fashion ⏭️




