NEWS
ഗൾഫിലേക്കും ബാങ്കോക്കിലേക്കും പുതിയ ചിറകുകൾ! ശീതകാല ഷെഡ്യൂളിൽ 150 രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ; റൂട്ടുകൾ അറിയാം

കൊച്ചി∙ കൊച്ചി- ബാങ്കോക്ക്, കൊച്ചി- കുവൈത്ത്, തിരുവനന്തപുരം- ബഹ്റൈൻ, തിരുവനന്തപുരം- റിയാദ് എന്നിവയുൾപ്പടെ ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നും 150 രാജ്യാന്തര സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസിൻ്റെ വിപുലീകരിച്ച ശീതകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവും വിപുലമായ ഈ ശീതകാല ഷെഡ്യൂളിൽ 435 ആഭ്യന്തര സർവീസുകൾ ഉൾപ്പടെ പ്രതിദിനം 585 വിമാന സർവീസുകളുമാണുള്ളത്.ഒക്ടോബർ 25 മുതൽ ഘട്ടംഘട്ടമായി പുതിയ ഷെഡ്യൂൾ നടപ്പാക്കും. 105ലേറെ വിമാനങ്ങളാണ് നിലവിൽ എയർ ഇന്ത്യ എക്സ്പ്രസിനുള്ളത്. ആഭ്യന്തര, രാജ്യാന്തര മേഖലകളിലായി 40ലേറെ പുതിയ റൂട്ടുകളിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് ആരംഭിക്കും. 2026ലെ വേനൽക്കാല ഷെഡ്യൂളിൽ ആഴ്ചതോറും 3,150ഓളം സർവീസുകളാണുണ്ടായിരുന്നത്. പുതിയ സമയക്രമം പ്രകാരം ഇത് ഏകദേശം 4,100 ആയി ഉയരും. വൺ സ്റ്റോപ്പ് കണക്ഷൻ സർവീസുകളുടെ എണ്ണം ആഴ്ചതോറും ഏകദേശം 1,600 ആയി ഉയരും. നേരത്തെയിത് 1,330 ആയിരുന്നു. ആഭ്യന്തര മേഖലയിൽ അഹമ്മദാബാദ്–ഡൽഹി, ബെംഗളൂരു–ഗോവ (മോപ്പ), ബെംഗളൂരു–ജോധ്പൂർ, ബെംഗളൂരു–മധുര, ഡൽഹി–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ), ഡൽഹി–ഉദയ്പൂർ, ഹൈദരാബാദ്–പുണെ, മുംബൈ–നാഗ്പൂർ റൂട്ടുകളിൽ ആഴ്ചയിൽ ഏഴ് വീതം സർവീസുകൾ നടത്തും. ബെംഗളൂരു–കോയമ്പത്തൂർ റൂട്ടിൽ ആഴ്ചയിൽ 14 സർവീസുകൾ ഉണ്ടായിരിക്കും. ഭുവനേശ്വർ–ശ്രീ വിജയപുരം (പോർട്ട് ബ്ലെയർ) റൂട്ടിൽ നാല് സർവീസുകളും ഭോപ്പാൽ–നവി മുംബൈയിൽ മൂന്ന് സർവീസുകളും ഡൽഹി–ജയ്പൂരിൽ അഞ്ച് സർവീസുകളും ഹൈദരാബാദ്–മംഗളൂരുവിൽ മൂന്ന് സർവീസുകളും ഇൻഡോർ–നവി മുംബൈയിൽ നാല് സർവീസുകളും നടത്തും. കൊൽക്കത്ത–പുണെ റൂട്ടിൽ ആഴ്ചയിൽ രണ്ട് സർവീസുകളുമുണ്ടാകും.
Fashion ⏭️




