NEWS

പല്ലാട്ട് ബ്രഹ്മദത്തൻ: നിരയൊഴിയുന്നത് സൗമ്യമായ തലയെടുപ്പ്; ആനപ്രേമികൾക്കു തീരാവേദന


തൃശൂർ ∙ ഒരു ദശാബ്ദത്തിലേറെയായി തൃശൂർ പൂരം, വേല എഴുന്നള്ളിപ്പുകൾക്ക് പാറമേക്കാവിൽ അമ്മയ്ക്കരികിൽ പല്ലാട്ട് ബ്രഹ്മദത്തന്റെ സാന്നിധ്യമുണ്ട്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് ബ്രഹ്മദത്തനെ എഴുന്നള്ളിപ്പിനെത്തിച്ചിരുന്നത്. പൂരം കഴിഞ്ഞാൽ പിറ്റേന്നു ബ്രഹ്മദത്തനു ഗുരുവായൂർ ദർശനം പതിവാണ്. ഗോപുരത്തിനു മുന്നിൽനിന്ന് തുമ്പിക്കൈ ഉയർത്തി ഭഗവാനെ തൊഴുതാണു മടക്കം. ആനപ്രേമി സംഘം സംസ്ഥാന പ്രസിഡന്റ് കെ.പി.ഉദയനാണ് പല്ലാട്ട് ബ്രഹ്മദത്തന്റെ ദർശനത്തിനു വേണ്ട അനുമതിയും സൗകര്യങ്ങളും ഒരുക്കാറുള്ളത്. പല്ലാട്ട് കുടുംബക്കാരനാകും മുൻപേ പുതുപ്പള്ളിയിലായിരുന്നപ്പോഴും പാറമേക്കാവിന്റെ ആന നിരയിലെത്തിയിരുന്നു ബ്രഹ്മദത്തൻ. പിന്നീടു ലക്ഷണമൊത്ത ആനയായുള്ള വളർച്ചയോടെ ആദ്യനിരയിൽ സ്ഥാനമുറപ്പിച്ചു. ആദ്യ ഏഴിൽ പിന്നെ ഇടത്ത്, അടുത്തകാലത്തായി വലത്ത്. കഴിഞ്ഞ മൂന്നു വർഷമായി പാറമേക്കാവിലമ്മയുടെ എഴുന്നള്ളിപ്പിനു വലത്തേ കൂട്ടായി ബ്രഹ്മദത്തനുണ്ട്. 2018ൽ രാത്രിയെഴുന്നള്ളിപ്പിനു തിടമ്പേറ്റാനും യോഗമുണ്ടായി.


Fashion ⏭️

Back to top button