NEWS

കിൻഫ്രയിൽ കടന്നൽ ആക്രമണം: ടെക്കികൾക്ക് ഉൾപ്പെടെ കുത്തേറ്റു, രക്ഷപ്പെടാൻ ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ


കാക്കനാട് ∙ കിൻഫ്ര പാർക്കിൽ കൂടിളകിയെത്തിയ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ ഒട്ടേറെ പേർക്ക് കുത്തേറ്റു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഗുരുതര കുത്തേറ്റ കിൻഫ്ര പാർക്ക് കവാടത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കോലഞ്ചേരി പനച്ചിയിൽ ടി.മനോജിനെ (50) തൃക്കാക്കര മുനിസിപ്പൽ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടെക്കികളും ഇതര സംസ്ഥാനക്കാരും ഉൾപ്പെടെ 6 പേർക്കു കൂടി കടന്നൽ ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ട്.കിൻഫ്ര പാർക്കിനു സമീപത്തെ അക്കേഷ്യ മരക്കൂട്ടത്തിലെ കടന്നൽ കൂടാണ് ഇളകിയത്. കടന്നലുകൾ വിവിധ ഭാഗങ്ങളിലേക്ക് കൂട്ടത്തോടെ പറന്നെത്തുകയായിരുന്നു. കവാടത്തിനു സമീപം നിലയുറപ്പിച്ചിരുന്ന സെക്യൂരിറ്റി ജീവനക്കാരൻ മനോജിന്റെ മുഖത്തും ചെവികളിലും കൈകളിലുമായി 30 തവണ കടന്നൽ കുത്തിയിരുന്നു. രക്ഷപ്പെടാൻ ഓടിയ മനോജിനെ പിന്തുടർന്നാണ് കടന്നലുകൾ കുത്തിയത്. സമീപത്തെ പൊലീസ് സ്റ്റേഷനിൽ ഓടിക്കയറിയാണ് മനോജ് രക്ഷപ്പെട്ടത്. പൊലീസ് ജീപ്പിൽ മനോജിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.


Fashion ⏭️

Back to top button