NEWS
‘സൈക്ലിങ് സംസ്കാരമാകണം’; ഹൃദയാരോഗ്യ സന്ദേശമുയർത്തി കോട്ടയം സൈക്ലത്തൺ: ആവേശമായി 100 കി.മീ. റൈഡ്

കോട്ടയം∙ ഹൃദയാരോഗ്യ സന്ദേശമുയർത്തി നടത്തുന്ന കോട്ടയം സൈക്ലത്തണിന് ഗംഭീര തുടക്കം. ഏഴു വയസ്സുകാരൻ മുതൽ 84 വയസ്സുള്ളവർ വരെ അണി നിരന്ന സൈക്ലത്തൺ മലയാള മനോരമ, കാരിത്താസ് ആശുപത്രി, കോട്ടയം സൈക്ലിങ് ക്ലബ് എന്നിവർ ചേർന്നാണ് നടത്തുന്നത്. 100 കിലോമീറ്റർ റൈഡ് രാവിലെ 5.45ന് ചാണ്ടി ഉമ്മൻ എം.എൽഎ ഫ്ലാഗ് ഓഫ് ചെയ്തു. സൈക്കിൾ ചവിട്ടുന്നത് ഒരു സംസ്കാരമായി മാറണമെന്നും സൈക്കിൾ ഓടിക്കാൻ സൗകര്യത്തിന് നിരത്തുകളും മറ്റ് സജ്ജീകരണങ്ങളും ഭാവിയിൽ ഇവിടെ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.അഞ്ചുവർഷം കൊണ്ട് ഇന്ത്യ മുഴുവൻ സൈക്കിളിൽ സഞ്ചരിച്ച നവീൻ പോൾ ഉൾപ്പെടെ 100 കിലോമീറ്റർ റൈഡിൽ പങ്കെടുക്കുന്നുണ്ട്. കോട്ടയം, പാമ്പാടി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, ഭരണങ്ങാനം, പാലാ വഴി തിരികെ കാരിത്താസ് ഗ്രൗണ്ടിൽ സമാപിക്കുന്നതാണ് 100 കിലോമീറ്റർ റൈഡ്. 40 കിലോമീറ്റർ റൈഡ് രാവിലെ 6,15ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സാബു മാത്യു ഫ്ലാഗ് ഓഫ് ചെയ്തു. ഏറ്റവും നല്ല വ്യായാമങ്ങളിൽ ഒന്നായ സൈക്ലിങ് എല്ലാവരും ജീവിതത്തിൽ ദിനചര്യയാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Fashion ⏭️




