’10 ലക്ഷംവേണം ഇല്ലെങ്കിൽ ഡിവൈഎഫ്ഐക്കാരെ കൊണ്ട് കൊടികുത്തിക്കും’: കൈക്കൂലി ചോദിച്ച് സിപിഎം കൗൺസിലർ, വീഡിയോ പുറത്ത്

കൈക്കൂലി ആവശ്യപ്പെടുന്ന കൗൺസിലർ അജിൻ (മൊബൈൽ ഫോൺ ദൃശ്യത്തിൽ നിന്ന്)
തിരുവനന്തപുരം: കോർപ്പറേഷൻ കൗൺസിലർ കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി പരാതി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡ് സിപിഎം കൗൺസിലർ അജിനെതിരെ പേയാട് സ്വദേശി സഞ്ജുവാണ് പരാതി നൽകിയത്. അജിൻ കൈക്കൂലി ആവശ്യപ്പെടുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും വീഡിയോയും ഫോൺസംഭാഷണവും സഞ്ജു പുറത്തുവിട്ടു.
തൃക്കണ്ണാപുരം വാർഡിലെ എംഎൽഎ റോഡിനോട് ചേർന്ന് വാങ്ങിയ 19 സെന്റ് ഭൂമി പ്ലോട്ടുകളാക്കി തിരിച്ച് വിൽപ്പന നടത്തുകയായിരുന്നു സഞ്ജു. ആദ്യത്തെ രണ്ട് പ്ലോട്ട് വിറ്റതിന് പിന്നാലെ കൗൺസിലർ അജിൻ ഇക്കാര്യത്തിൽ ഇടപെടുകയായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ഭൂമിയിൽ പുറമ്പോക്ക് ഉണ്ടെന്നും അത് തരംമാറ്റി വിൽക്കാൻ സഹായിക്കാമെന്നും പറഞ്ഞ് കൗണസിലർ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി.
ചില പ്രദേശിക നേതാക്കൾ വീട്ടിലെത്തി അജിനെ പിണക്കുന്നത് ദോഷം ചെയ്യുമെന്നും അഞ്ചുലക്ഷം രൂപ നൽകി പ്രശ്നം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടതായും സഞ്ജു ആരോപിച്ചു. തുടർന്ന് രാത്രി വരാൻ പറഞ്ഞതുപ്രകാരം അജിനെ കാണാൻ പോയി. ഈ ഈ സമയത്താണ് മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതെന്നും സഞ്ജു വ്യക്തമാക്കി.
ഭൂമി വിൽക്കുമ്പോൾ വലിയ തുക ലഭിക്കുമെന്നും അതിൽ നിന്ന് ഒരു വിഹിതം തനിക്ക് നൽകണമെന്നും അജിൻ ആവശ്യപ്പെട്ടു. ഇല്ലാത്തപക്ഷം ഡിവൈഎഫ്ഐക്കാരെകൊണ്ട് വസ്തുവിൽ കൊടികുത്തിക്കുമെന്ന് കൗൺസിലർ ഭീഷണിപ്പെടുത്തിയതായും സഞ്ജു പറഞ്ഞു. തർക്കിക്കാൻ നിന്നാൽ പ്രശ്നം രൂക്ഷമാകുമെന്നും റോഡിന്റെ രേഖകളിലെ പുറമ്പോക്ക് ഭൂമിയിലൂടെയുള്ള തോടും ഓടയും ചൂണ്ടിക്കാട്ടി നിർമാണ പ്രവർത്തനങ്ങൾ തടയുമെന്നും അജിൻ ഭീഷണിപ്പെടുത്തുന്ന ഫോൺസംഭാഷണവും പുറത്തുവന്നു. സംഭവത്തിൽ സഞ്ജു ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി.
English Summary
A Thiruvananthapuram Corporation CPM councilor, Ajin, faces a bribery and threat complaint from Sanju, a Peyad resident. Sanju alleges Ajin demanded money for selling land plots, threatening to disrupt sales or involve DYFI members. Sanju released a video purportedly showing the threats and demands, subsequently filing a complaint with the Home Minister.
RELATED TOPICS: CPM COUNCILLOR, BRIBERY, THIRUVANANTHAPURAM CORPORATION, CPM COUNCILLOR BRIBE, KERALAM
Read News ⏭️




