NEWS

സ്വന്തം ഇഷ്ടങ്ങൾ, ജീവിതരീതി, സ്വാതന്ത്ര്യം; യുകെയിലെ ഈ വയോജന പരിചരണം കേരളത്തിന് മാതൃക; വിദേശത്തുള്ള മക്കൾക്കും ആശ്വാസം


ലണ്ടൻ∙ ലോക വയോജന ദിനമായ ഒക്ടോബർ 1 വീണ്ടും ഓർമിപ്പിക്കുന്നത് പ്രായമായവരുടെ ജീവിതവും പരിചരണവും കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്വമായി കാണാനാകില്ലെന്ന യാഥാർഥ്യമാണ്. കേരളത്തിൽ ‘വൃദ്ധസദനം’ എന്ന പേര് മാറ്റി ‘സ്നേഹാലയം’ എന്നാക്കുന്നതും വയോജനക്ഷേമത്തിനായി പ്രത്യേക വകുപ്പ് പ്രവർത്തനസജ്ജമാക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.ഇത്തരം സാഹചര്യത്തിൽ ബ്രിട്ടനിലെ വയോജന പരിചരണം കേരളത്തിനും മാതൃകയാക്കാവുന്നതാണ്. ബ്രിട്ടനിൽ കുടുംബബന്ധങ്ങൾക്കൊപ്പം പ്രഫഷനൽ സാമൂഹിക പരിചരണ സംവിധാനത്തെയും ആശ്രയിച്ചാണ് വയോജന പരിചരണം മുന്നോട്ടു പോകുന്നത്. വ്യക്തിയുടെ ആരോഗ്യനിലയും ആവശ്യങ്ങളും അനുസരിച്ച് വീട്ടുപരിചരണം, താമസപരിചരണം, നഴ്സിങ് പരിചരണം, ഡിമെൻഷ്യ പരിചരണം തുടങ്ങി വിവിധ തലങ്ങളിലുള്ള സേവനങ്ങൾ അവിടെ ലഭ്യമാണ്. പരിചരണം ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും ഇഷ്ടങ്ങളും മാന്യതയും കേന്ദ്രീകരിച്ചായിരിക്കണമെന്നത് ഇംഗ്ലണ്ടിലെ പരിചരണ നിലവാരത്തിന്റെ പ്രധാന തത്വങ്ങളിലൊന്നാണ്.∙ വയോജനങ്ങൾക്ക് പ്രത്യേക വകുപ്പ്; പുതിയ സംവിധാനങ്ങൾ വയോജനക്ഷേമത്തിനായി പ്രത്യേക വകുപ്പ് പ്രവർത്തനസജ്ജമാക്കുന്നതിനൊപ്പം വിവിധ ക്ഷേമപദ്ധതികൾക്കായി സംസ്ഥാന ബജറ്റിൽ 10 കോടി രൂപ വകയിരുത്തിയതായി സർക്കാർ അറിയിച്ചു. വയോജനക്ഷേമവുമായി ബന്ധപ്പെട്ട നിയമങ്ങൾ, നയങ്ങൾ, പദ്ധതികൾ, വയോജന മന്ദിരങ്ങൾ തുടങ്ങിയവയുടെ ഏകോപിത ഭരണനിർവഹണവും വകുപ്പിന്റെ ചുമതലകളിൽ ഉൾപ്പെടുന്നു. വയോജനങ്ങളുടെ അടിസ്ഥാന വിവരശേഖരണം, 24 മണിക്കൂർ പ്രവർത്തിക്കുന്ന സീനിയർ സിറ്റിസൺ ഹെൽപ്പ് ലൈൻ, സേവനങ്ങളുടെ ഡയറക്ടറി തുടങ്ങിയ സംവിധാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്ടോബർ ഒന്നിന് ഇതുമായി ബന്ധപ്പെട്ട പദ്ധതികളുടെ ഉദ്ഘാടനവും നടക്കുമെന്ന് സർക്കാർ അറിയിച്ചു.


Fashion ⏭️

Back to top button