NEWS

ആവേശപുരം! ഗാലറികൾ നീലക്കടലായി; ഇന്ത്യ- വെസ്റ്റിൻഡീസ് ക്രിക്കറ്റ് മത്സരം ആഘോഷമാക്കി തിരുവനന്തപുരം


തിരുവനന്തപുരം ∙ അനന്തപുരിയുടെ ആകാശംതൊട്ട ആവേശക്കാഴ്ചകൾക്കായിരുന്നു കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ അരങ്ങേറിയ ഇന്ത്യ- വെസ്റ്റിൻഡീസ് ഏകദിന ക്രിക്കറ്റ് മത്സരം സാക്ഷ്യം വഹിച്ചത്. 7 മാസത്തെ ഇടവേളയ്ക്കു ശേഷം തലസ്ഥാന നഗരിയിൽ അരങ്ങേറിയ രാജ്യാന്തര മത്സരം കാണികൾ അക്ഷരാർഥത്തിൽ ആഘോഷമാക്കി. വിൽപന തുടങ്ങി മണിക്കൂറുകൾക്കകം മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റുതീർന്നതിനാൽ ഗാലറികൾ നീലക്കടലാകുമെന്ന് ഉറപ്പായിരുന്നു. പ്രതീക്ഷ തെറ്റിക്കാതെ രാവിലെ മുതൽ സ്റ്റേഡിയത്തിലേക്കു കാണികൾ ഒഴുകി. രോഹിത് ശർമയുടെയും വിരാട് കോലിയുടെയും പേരെഴുതിയ ജഴ്സികൾ അണിഞ്ഞവരായിരുന്നു കൂടുതൽ. അങ്ങിങ്ങായി ശുഭ്‌മൻ ഗിൽ ആരാധകരുമുണ്ടായി.നിറഞ്ഞ് സ്റ്റേഡിയം മത്സരം തുടങ്ങിയത് 2ന് ആണെങ്കിലും 11നു തന്നെ സ്റ്റേഡിയം ഏറക്കുറെ നിറ‍ഞ്ഞു. സ്റ്റേഡിയത്തിലേക്ക് എത്തിയ ഇന്ത്യൻ ടീം ബസിനെ ആർപ്പുവിളികളോടെയാണ് ആരാധകർ സ്വീകരിച്ചത്. ബസിൽനിന്ന് ഇറങ്ങുന്ന ഓരോ താരത്തിന്റെയും പേരുകൾ ഉറക്കെ വിളിച്ചുപറഞ്ഞും കയ്യടിച്ചും ആരാധകർ ആവേശംകാട്ടി. ഇതിനു മറുപടിയെന്നോണം ആരാധകരെ നോക്കി കൈവീശിയും നന്ദി പറഞ്ഞുമാണു വിരാട് കോലിയും രോഹിത് ശർമയും രവീന്ദ്ര ജഡേജയുമടക്കമുള്ള താരങ്ങൾ ഡ്രസിങ് റൂമിലേക്കു പോയത്. മത്സരത്തിനു മുൻപ് അവസാനഘട്ട പരിശീലനത്തിനായി താരങ്ങൾ ഗ്രൗണ്ടിൽ ഇറങ്ങിയപ്പോഴും ആർപ്പുവിളികളും കയ്യടികളും സ്റ്റേഡിയം നിറഞ്ഞു. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റൻ ഗിൽ ബോളിങ് തിരഞ്ഞെടുത്തതു കാണികൾക്ക് അൽപം നിരാശയായി.സച്ചിൻ തെൻഡുൽക്കറുടെ കടുത്ത ആരാധകനും ഇന്ത്യൻ ടീമിന്റെ മത്സരങ്ങളിൽ സ്ഥിരം സാന്നിധ്യവുമായ സുധീർ കുമാർ ചൗധരിയും കാര്യവട്ടത്ത് എത്തിയിരുന്നു. ശംഖ് ഊതിയും ഇന്ത്യൻ പതാക വീശിയും കാണികൾക്കൊപ്പം സുധീറും ഗാലറിയെ ഇളക്കിമറിച്ചു. മന്ത്രി ഒ.ജെ.ജനീഷ്, ശശി തരൂർ എംപി തുടങ്ങി ഒട്ടേറെ രാഷ്ട്രീയ നേതാക്കളും മത്സരം കാണാൻ സ്റ്റേഡിയത്തിൽ എത്തിയിരുന്നു.


Fashion ⏭️

Back to top button