NEWS
എഐ പിഴച്ചു, പൊലിഞ്ഞത് 123 കുരുന്നുകളുടെ ജീവൻ; സ്കൂളിലേക്ക് മിസൈലുകൾ വർഷിച്ചത് നാവിക താവളമെന്ന് തെറ്റിദ്ധരിച്ച്

വാഷിങ്ടൻ / ടെഹ്റാൻ ∙ ഇറാനിലെ മിനാബിൽ 123 കുട്ടികൾ ഉൾപ്പെടെ 150ലധികം പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവം കാലഹരണപ്പെട്ട വിവരങ്ങൾ ഉപയോഗിച്ച് പ്രവർത്തിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ കടുത്ത പിഴവെന്ന് റിപ്പോർട്ട്. രാജ്യാന്തര മാധ്യമമായ ബ്ലൂംബെർഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്തമായി ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മണിക്കൂറുകളിൽ, തെക്കൻ ഇറാനിയൻ നഗരമായ മിനാബിലെ ഷജറ ത്വയ്യിബ പ്രൈമറി സ്കൂളിനു നേരെ അമേരിക്ക തൊടുത്ത രണ്ട് ടോമാഹോക്ക് മിസൈലുകൾ പതിച്ചാണ് 150ലേറെ പേർ കൊല്ലപ്പെട്ടത്. ഫെബ്രുവരി 28ന് ആയിരുന്നു ലോകത്തെ നടുക്കിയ ദുരന്തം. കുട്ടികളുടെ മരണസംഖ്യ കണക്കിലെടുത്താൽ, ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ അമേരിക്കൻ സൈന്യത്തിനുണ്ടായ ഏറ്റവും മാരകമായ ലക്ഷ്യനിർണയ പിഴവാണിത്. ആക്രമണം യുദ്ധക്കുറ്റത്തിനു തുല്യമാണെന്ന് ഐക്യരാഷ്ട്രസംഘടന വ്യക്തമാക്കിയെങ്കിലും ഡോണൾഡ് ട്രംപ് ഭരണകൂടം ഇതിന്റെ ഉത്തരവാദിത്തം ഇതുവരെ പരസ്യമായി ഏറ്റെടുത്തിട്ടില്ല.വ്യോമാക്രമണത്തിനു മുൻപ് കൃത്യമായ പരിശോധനകൾ നടന്നിരുന്നെങ്കിൽ വൻ ദുരന്തം ഒഴിവാക്കാമായിരുന്നു. എന്നാൽ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് പെന്റഗണിലെ സിവിൽ ഹാം മിറ്റിഗേഷൻ ടീമിലെ ജീവനക്കാരുടെ എണ്ണം 90 ശതമാനത്തോളം വെട്ടിക്കുറച്ചിരുന്നു. സെൻട്രൽ കമാൻഡിൽ പത്തുപേരുണ്ടായിരുന്ന വിദഗ്ധരുടെ എണ്ണം ഒന്നു മാത്രമായി ചുരുക്കപ്പെട്ടു. ഇതിനാൽ മിനാബിലെ സൈറ്റ് ആക്രമിക്കുന്നതിന് മുൻപ് ഒരു വിദഗ്ധൻ പോലും ഇക്കാര്യം പരിശോധിച്ചിരുന്നില്ല.
Fashion ⏭️




