NEWS

ഷാജി ബൾഗേറിയയിൽ, 26ന് തിരിച്ചെത്തും; ഉപയോഗിക്കുക സർക്കാർ വാഹനം


തിരുവനന്തപുരം ∙ കാർയാത്രാ വിവാദം തുടരുന്നതിനിടെ മന്ത്രി കെ.എം.ഷാജി വിദേശ യാത്ര കഴിഞ്ഞ് 26ന് തിരിച്ചെത്തും. ബൾഗേറിയയിലാണ് മന്ത്രിയെന്നും തിരിച്ചെത്തിയാൽ സർക്കാർ വാഹനമാകും തുടർന്ന് ഉപയോഗിക്കുകയെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. സുഹൃത്തിന്റെ റേഞ്ച് റോവർ കാർ സർക്കാർ ബോർഡും നമ്പറും വച്ച് ഉപയോഗിച്ചതാണ് വിവാദമായത്. സർക്കാർ അനുമതിയോടെയാണ് ബോർഡ് വച്ചതെന്ന് മന്ത്രി ന്യായീകരിച്ചിരുന്നെങ്കിലും ഒരു യാത്രയ്ക്കാണ് അനുമതി നൽകിയതെന്നു പിന്നീടു വ്യക്തമായി.സർക്കാർ വാഹനം കേടായതിനാലാണ് സുഹൃത്തിന്റെ വാഹനം മന്ത്രി കെ.എം.ഷാജി ഉപയോഗിച്ചതെന്നും അതിന് അനുമതി വാങ്ങിയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 2017ൽ വാങ്ങിയ, 10 വർഷത്തോളം പഴക്കമുള്ള സർക്കാർ വാഹനമാണ് ഷാജി ഉപയോഗിച്ചിരുന്നത്. അത് ഇടയ്ക്കിടെ കേടായി. അതുകൊണ്ടാണ് സുഹൃത്തിന്റെ വാഹനം ഉപയോഗിച്ചത്. ഷാജിക്കു വാഹനം ഉപയോഗിക്കാൻ പ്രോട്ടോക്കോൾ വിഭാഗം അനുമതി നൽകിയിട്ടുണ്ട്. അനുമതിയിലുള്ളതിനെക്കാൾ കുറച്ചുകൂടി മണിക്കൂർ യാത്ര ചെയ്യുന്നത് ഗുരുതര കുറ്റകൃത്യമാണോ? മന്ത്രിമാർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ പലതും വഴിയിൽ നിന്നുപോവുകയാണ്. മുൻ സർക്കാരിലെ മന്ത്രിമാർ ഉപയോഗിച്ച വാഹനങ്ങളാണവ. നന്നായി യാത്ര ചെയ്യുന്നവരാണു മന്ത്രിമാർ. അവർ യാത്ര ചെയ്യുമ്പോൾ വഴിയിൽ കിടക്കാനാവുമോ? – മുഖ്യമന്ത്രി ചോദിച്ചു.


Fashion ⏭️

Back to top button