NEWS

നാലുവർഷം മുൻപ് 25 കോടിയുടെ ഓണം ബമ്പർ അടിച്ച ഭാഗ്യവാൻ; അനൂപിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്തൊക്കെ?

അനൂപ്

തിരുവനന്തപുരം: 2022ലാണ് ശ്രീവരാഹം സ്വദേശിയായ അനൂപിന് 25 കോടിയുടെ ഓണം ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്നത്. അന്ന് സോഷ്യൽ മീഡിയയിൽ അടക്കം അനൂപ് വലിയരീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. എന്നാൽ ഈ വർഷത്തെ ഓണം ബമ്പർ 30 കോടി രൂപയാണ്.

സെപ്തംബർ 26നാണ് ഓണം ബമ്പർ നറുക്കെടുക്കുന്നത്. ഇപ്പോഴിതാ നാലുവർഷങ്ങൾക്ക് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് അനൂപ്. ഭാഗ്യശാലിയാകാൻ പോകുന്ന വ്യക്തിക്ക് ഉപദേശവും അനൂപ് നൽകുന്നുണ്ട്. സീ മലയാളം ന്യൂസിനോടായിരുന്നു അനൂപിന്റെ പ്രതികരണം.

‘മുൻപ് സ്വപ്നം കണ്ടതിനെക്കാൾ വളരെ നന്നായിട്ട് ജീവിതം പോകുന്നുണ്ട്. എന്റെ വലിയ ആഗ്രഹമായിരുന്നു ഹോട്ടൽ തുടങ്ങണമെന്നത്. അതും നടന്നു. കൈതമുക്കിലാണ് ആദ്യം ഹോട്ടൽ തുടങ്ങിയത്. അന്ന് വാടകയ്‌ക്കെടുത്ത മുറിയായിരുന്നു. നല്ല രീതിയിൽ സക്സസ് ആയതുകൊണ്ട് സ്വന്തമായിട്ട് ഞാൻ ഒരു കെട്ടിടം അട്ടകുളങ്ങര വാങ്ങി. അത് ഹോട്ടലും ലോഡ്ജുമായി മുന്നോട്ട് പോവുകയാണ്. നല്ലൊരു പ്ലാനോടെ മുന്നോട്ട് പോയാൽ എല്ലാം വിജയിക്കും.

ഇപ്പോൾ ഓണം ബമ്പറിന്റെ സമ്മാനത്തുക ഉയർത്തി 30 കോടിയാക്കി. പക്ഷേ ലോട്ടറി അടിക്കുന്നവർക്ക് 30 കോടിയും കിട്ടില്ല. ഒരു 18 കോടി കിട്ടും. ലോട്ടറി അടിച്ച തുക ഒരു വർഷം ഹോൾഡ് ചെയ്യണം. എന്നിട്ട് കണക്ക് കൂട്ടി പ്ലാൻ ചെയ്ത് ചെയ്യണം. കാരണം ലോട്ടറി അടിച്ചാൽ പല ബന്ധുക്കളും അല്ലാത്ത ആൾക്കാരെക്കെ നമ്മളെ തേടിവരും. അതിലൊന്നും വീഴാതെ നമ്മൾ മാക്സിമം ഒരു വർഷം വരെ ഹോൾഡ് ചെയ്യുക. അതിനുശേഷം അത് എടുത്ത് നമ്മൾക്ക് കൈകാര്യം ചെയ്യാം.

ലോട്ടറി അടിച്ച് നാല് കൊല്ലമായെങ്കിലും ഇപ്പോഴും സഹായം ചോദിച്ച് പലരും വിളിക്കുന്നുണ്ട്. ഫോൺ വിളിച്ചാണ് ഇപ്പോൾ പലരും സഹായം ചോദിക്കുന്നത്. എനിക്ക് പറയാനുള്ളത് ലോട്ടറി അടിച്ചാൽ പെട്ടെന്ന് പണം കൊണ്ട് ഒന്നും ചെയ്യരുത്. ഞാൻ ഇപ്പോഴാണ് എന്റെ വീടിന്റെ പണി തുടങ്ങിയത്. പ്ലാൻ ചെയ്യാതെ മുന്നോട്ട് പോകരുത്. കാരണം ലോട്ടറിയടിച്ച പലരും നശിച്ച് പോയിട്ടേ ഉള്ളൂ. ഞാൻ പണ്ടുമുതലേ ലോട്ടറി എടുക്കുന്നയാളാണ്.

ഇത്തവണത്തെ ഓണം ബമ്പറും എടുത്തിട്ടുണ്ട്. ലോട്ടറി അടിച്ചു കഴിഞ്ഞാൽ നമ്മൾ ആദ്യം ആരെയും അറിയിക്കാതിരിക്കാൻ നോക്കുക. മാക്സിമം നമ്മുടെ കുടുംബവുമായി പ്ലാൻ ചെയ്തതിന് ശേഷം ഒരു ബാങ്കുമായി സംസാരിച്ച് അവിടെ നിക്ഷേപിക്കണം. ഒരു വർഷം വരെ അത് സൂക്ഷിക്കണം.

പലരും പല ആവശ്യങ്ങളും പറഞ്ഞ് വരും. അതിലൊന്നും വീഴരുത്. ലോട്ടറി അടിച്ചാലും പല തരത്തിലുള്ള ടാക്സ് വരും. അടിച്ച് കഴിയുമ്പോൾ എല്ലാം കഴിഞ്ഞുവെന്ന് തോന്നും. എന്നാൽ അങ്ങനെയല്ല. അതിനാൽ ഒരു വർഷം വരെ അത് ഉപയോഗിക്കരുത്. 15 കോടി ചില്ലറയാണ് എനിക്ക് കിട്ടിയത്. അതിൽ നിന്നും നികുതി പോയിട്ട് ഏകദേശം 12 കോടിയോളം കൈയിൽ കിട്ടി. ഒരു വർഷം വരെ പൈസ എടുത്തിട്ടില്ലായിരുന്നു. അതിനുശേഷം പിന്നെ ബാക്കിയുള്ള കുറച്ച് ആവശ്യങ്ങൾക്കൊക്കെ പൈസ എടുത്തിട്ടുണ്ട്. അങ്ങനെ നമ്മൾ ബുദ്ധിപൂർവം ചെയ്ത് കഴിഞ്ഞാൽ ഉയരത്തിലെത്താം- അനൂപ് വ്യക്തമാക്കി.

RELATED TOPICS: ONAM BUMPER, ANOOP LOTTERY WINNER, KERALA LOTTERY, ONAM BUMPER WINNER, LOTTERY WINNER ADVICE

Read News ⏭️

Back to top button