NEWS

വട്ടവട മണ്ണിടിച്ചിൽ ദുരന്തം: ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച മഴ നീണ്ടത് 4 മണിക്കൂറിലേറെ


മൂന്നാർ ∙ വട്ടവട മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച മഴ വൈകിട്ട് 5 വരെ നീണ്ടുനിന്നു. ഉച്ചതിരിഞ്ഞു 3ന് മഴ ശക്തമായപ്പോഴാണ് അപകടമുണ്ടായത്. വേനൽമഴ ചതിച്ചതിനെത്തുടർന്ന് വട്ടവടയിൽ കഴിഞ്ഞ മേയ് മാസം കൃഷിയിറക്കിയ പച്ചക്കറികൾ പൂർണമായി ഉണങ്ങി നശിച്ചിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ മഴ ലഭിച്ചു തുടങ്ങിയതോടെയാണ് നാട്ടുകാർ കൃഷിയിടങ്ങൾ ഒരുക്കാനാരംഭിച്ചത്. ഇത്തരത്തിൽ കൃഷിയിടം ഒരുക്കുന്നതിനിടയിൽ മഴ കനത്ത സമയത്താണ് കൃഷിയിടത്തിലായിരുന്ന ബാലകൃഷ്ണനും ഭാര്യ മാരിയമ്മയും അയൽവാസി ചിന്നമ്മാളും ഓടി കൃഷിയിടത്തിലെ ഷെഡിൽ കയറിയിരുന്നത്. കനത്ത മഴ തുടരുന്നതിനിടയിലാണ് മുകൾ ഭാഗത്തുനിന്നു മണ്ണും കല്ലുകളും ഒഴുകിയെത്തി ഷെഡിനു മുകളിൽ പതിച്ചത്. പാതി മണ്ണിനടിയിൽ പുതഞ്ഞുപോയ മാരിയമ്മയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ പുറത്തെടുത്തത്. വട്ടവടയിലുണ്ടായിരുന്ന ആംബുലൻസിൽ ഇവരെ മൂന്നാറിലെത്തിച്ചു.മാരിയമ്മയെ ആശുപത്രിയിൽ എത്തിക്കാൻ 3 മണിക്കൂർ മൂന്നാർ ∙ പരുക്കേറ്റ മാരിയമ്മയുമായെത്തിയ ആംബുലൻസ് മൂന്നാറിലെത്തിയത് മൂന്നു മണിക്കൂറിലധികം സമയമെടുത്ത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് അപകടമുണ്ടായപ്പോൾ നാട്ടുകാർ ഓടിയെത്തി പരുക്കേറ്റു കിടന്ന മാരിയമ്മയെ തുണിയിൽ കെട്ടിച്ചുമന്ന് ആംബുലൻസിലെത്തിച്ചു. 3.25ന് കൊട്ടാക്കമ്പൂരിൽനിന്നു പുറപ്പെട്ട ആംബുലൻസ് ആറരയോടെയാണ് മൂന്നാറിലെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിയത്. ടോപ്പ് സ്റ്റേഷൻ, കുണ്ടള, എക്കോ പോയിന്റ്, മാട്ടുപ്പെട്ടി, ഫ്ലവർ ഗാർഡൻ എന്നിവിടങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് ഇന്നലെ ഉച്ചകഴിഞ്ഞ് അനുഭവപ്പെട്ടത്. അപകടത്തിൽപെട്ടയാളുമായി ആംബുലൻസ് വരുന്നതായി വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ ടാക്സി ഡ്രൈവർമാരടക്കം മുന്നറിയിപ്പു നൽകിയെങ്കിലും ആംബുലൻസ് ഏറെ പാടുപെട്ടാണ് മൂന്നാറിലെത്തിയത്. ഒന്നര മണിക്കൂർ കൊണ്ട് എത്തേണ്ട വാഹനമാണ് ഗതാഗതക്കുരുക്കു മൂലം മൂന്നു മണിക്കൂറിലധികം സമയമെടുത്തത്.


Fashion ⏭️

Back to top button