SPORTS

ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഏഷ്യാകപ്പ് ട്രോഫികൾ മൊഹ്സിൻ നഖ്‍വി പാക്കിസ്ഥാനിലേക്കു കടത്തിയോ? അഭ്യൂഹങ്ങൾ ശക്തം


ദുബായ്∙ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ പുരുഷ, വനിതാ ടീമുകൾ വിജയിച്ച ട്രോഫികൾ ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ മൊഹ്സിൻ നഖ്‍വി പാക്കിസ്ഥാനിലേക്കു കൊണ്ടുപോയതായി അഭ്യൂഹം. ഇന്ത്യയ്ക്ക് അവകാശപ്പെട്ട രണ്ടു ട്രോഫികളും രാജ്യത്തേക്കു വരുമെന്ന് ബിസിസിഐ പ്രതികരിച്ചതിനു പിന്നാലൊണ് ട്രോഫികൾ പാക്കിസ്ഥാനിലേക്കു കൊണ്ടുപോയതായി ഏതാനും പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എക്സ് പ്ലാറ്റ്ഫോമിലും ഇക്കാര്യത്തിൽ അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.നഖ്‌വിയുടെ കയ്യിൽനിന്ന് വനിതാ ഏഷ്യാ കപ്പ് ജേതാക്കൾക്കുള്ള ട്രോഫി ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ സംഘാടകരെ അറിയിച്ചിരുന്നതായി ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചിരുന്നു. ‘‘രാജ്യത്തിന്റെ നയതന്ത്ര താൽപര്യങ്ങൾക്ക് വിരുദ്ധമായി ബിസിസിഐക്കു പ്രവർത്തിക്കാൻ സാധിക്കില്ല. ജേതാക്കളായാൽ, നഖ്‌വിയിൽനിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന് എസിസിയെ മുൻകൂട്ടി അറിയിച്ചിരുന്നു. ഇത് ബിസിസിഐയോ കളിക്കാരോ എടുത്ത തീരുമാനമല്ല. രാജ്യത്തിന്റെ താൽപര്യം പിന്തുടരാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. സമ്മാനദാന ചടങ്ങിൽ നിന്ന് വിട്ടുനിന്നതിലൂടെ പഹൽഗാം ആക്രമണത്തിലെ ഇരകളായ എല്ലാവരെയും ഞങ്ങൾ ആദരിക്കുകയായിരുന്നു. പ്രസിഡന്റോ വൈസ് ചെയർമാനോ സമ്മാനദാനം നടത്തണമെന്ന് ഞങ്ങൾ അഭ്യർഥിച്ചിരുന്നു. ഞങ്ങളുടെ നിലപാട് വളരെ വ്യക്തമാണ്, പ്രത്യേകിച്ച് പഹൽഗാം സംഭവത്തിന് ശേഷം, ഞങ്ങളുമായി സൗഹൃദബന്ധത്തിലല്ലാത്ത ഒരു രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി കൂടിയാണ് എസിസി ചെയർമാൻ. അതിനാൽ അദ്ദേഹത്തിൽ നിന്ന് ഞങ്ങൾ ട്രോഫി സ്വീകരിക്കില്ല.’’‘‘വളരെ പെട്ടെന്ന് തന്നെ രണ്ടു കപ്പുകളും ഇന്ത്യയിലെത്തും. വനിതകളുടെ ഏഷ്യാ കപ്പ് ട്രോഫി മാത്രമല്ല, പുരുഷന്മാരുടെ ഏഷ്യാ കപ്പ് ട്രോഫിയും നമുക്ക് ലഭിക്കും. നഖ്‌വി നിലവിലുള്ള രീതികൾ പിന്തുടരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ‘‘നിലവിലെ ഐസിസി ചെയർമാൻ (ജയ് ഷാ) എസിസിയിൽ ഉണ്ടായിരുന്നപ്പോൾ, വിജയികളായ ടീമിന്റെ ഭാരവാഹികൾ ട്രോഫി കൈമാറുന്നതായിരുന്നു സാധാരണ രീതി. എന്നാൽ കഴിഞ്ഞ വർഷം മുതൽ അവർ ഈ രീതി പിന്തുടരുന്നില്ല.’’– സൈകിയ ആരോപിച്ചു.


Auto ⏭️

Back to top button