മൺസൂൺ പിൻവാങ്ങുന്നു പിന്നാലെ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ മഴ ശക്തമാകും, 23 വരെ ജാഗ്രത

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്നുമുതൽ 23വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, തെക്കുപടിഞ്ഞാറൻ മൺസൂൺ സാധാരണയേക്കാൾ രണ്ട് ദിവസം വൈകി ഇന്ന് പശ്ചിമ രാജസ്ഥാന്റെ ചില ഭാഗങ്ങളിൽ നിന്ന് പിൻവാങ്ങിയതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കൻ ആൻഡമാൻ കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലുള്ള ചക്രവാതച്ചുഴി ഇന്ന് വൈകുന്നേരത്തോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാദ്ധ്യതയുണ്ട്. തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന ന്യൂനമർദ്ദം സെപ്തംബർ 21ന് മദ്ധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദ്ദമായും സെപ്തംബർ 22ന് മദ്ധ്യ-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിൽ അതിതീവ്ര ന്യൂനമർദ്ദമായും ശക്തിപ്രാപിക്കാൻ സാദ്ധ്യയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
തുടർന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം സെപ്തംബർ 23ന് രാവിലെ തെക്കൻ ഒഡിഷ–വടക്കൻ ആന്ധ്രപ്രദേശ് തീരങ്ങൾക്ക് സമീപമുള്ള മദ്ധ്യ-പടിഞ്ഞാറൻ സമീപ വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിൽ എത്താൻ സാദ്ധ്യതയുണ്ട്. മഴയ്ക്കൊപ്പം ഇടിമിന്നൽ സാദ്ധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.
English Summary
The Central Meteorological Department forecasts intensified rain in Kerala from today until September 23, owing to a depression forming in the Bay of Bengal. This system is expected to strengthen into a very deep depression by September 22, bringing light to moderate rain with isolated heavy downpours. Public caution is advised due to potential thunderstorms.
RELATED TOPICS: KERALA RAIN, MONSOON WITHDRAWAL, DEEP DEPRESSION, BAY OF BENGAL DEPRESSION, KERALA WEATHER FORECAST
Read News ⏭️




