NEWS

അതിവേഗം സൗദി; ‘വടിയെടുത്ത്’ ചൈന, ട്രംപും ഗൾഫ് നേതാക്കളും കാണുംമുൻപേ ഇറാന് മുന്നറിയിപ്പ്, ഇടിഞ്ഞ് എണ്ണ, ഇന്ത്യയിൽ ‘ടാറ്റ’ കലഹം


ഇറാന്റെ പിന്തുണയുള്ള യെമനിലെ ഹൂതികൾ തകർത്ത തന്ത്രപ്രധാന എണ്ണ പൈപ്പ്‍ലൈനിന്റെ തകരാർ അതിവേഗം പരിഹരിച്ച് പ്രവർത്തനം പുനരാരംഭിക്കാനുള്ള സൗദി അറേബ്യയുടെ നീക്കവും അതുവരെ എണ്ണവിതരണം കപ്പലിൽ നിന്ന് കപ്പലിലേക്ക് (ഷിപ്പ് ടു ഷിപ്പ്) നടത്താനുള്ള തീരുമാനവും ക്രൂഡോയിൽ വിലയുടെ ഇടിവിന് വഴിവച്ചു. ബാരലിന് 108 ഡോളറിൽ നിന്ന് ബ്രെന്റ് ക്രൂഡ് വില 104 ഡോളറിലേക്ക് താഴ്ന്നു. 103 ഡോളറിന് മുകളിലായിരുന്ന യുഎസ് ക്രൂഡ് വില 101.3 ഡോളറിലുമെത്തി. പൈപ്പ്‍ലൈൻ തകരാർ‌ സൗദി അറേബ്യ ദ്രുതഗതിയിൽ പരിഹരിക്കുകയാണെന്ന് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് വ്യക്തമാക്കിയതും എണ്ണവില ഇടിവിന് വഴിവച്ചു. അതേസമയം, ചെങ്കടലിൽ ഹൂതികൾ നടത്തുന്ന ആക്രമണം തടയാൻ ചൈന ഇടപെടണമെന്ന് സൗദി ആവശ്യപ്പെട്ടിരുന്നു. ഹൂതികളെ നിലയ്ക്കുനിർത്തണമെന്നും ചെങ്കടൽ തീരങ്ങൾ യുദ്ധമുഖമാക്കരുതെന്നും ഇറാന് ചൈന മുന്നറിയിപ്പും നൽകി. യുഎസ് പൊതുയോഗത്തിനായി യുഎസിലെത്തുന്ന ഗൾഫ് രാഷ്ട്ര നേതാക്കളുമായി പ്രസിഡന്റ് ട്രംപ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിനുമുൻപേയാണ് ഇറാന് ചൈനയുടെ മുന്നറിയിപ്പെന്നതും ശ്രദ്ധേയമായി. ട്രംപിനെ ‘ഷി’യെ പേടിയോ? താരിഫ് യുദ്ധം തൽക്കാലമില്ല! ഇന്ത്യയും ചൈനയും ഉൾപ്പെടെ 5 രാജ്യങ്ങൾക്കുമേൽ റഷ്യൻ എണ്ണ വാങ്ങലിന്റെ പേരിൽ 100% അധികത്തീരുവ ചുമത്താനുള്ള ബിൽ യുഎസ് പ്രതിനിധിസഭ പാസാക്കി. താരിഫ് ചുമത്താൻ ഇതോടെ ട്രംപിന് അധികാരവും കിട്ടി. എങ്കിലും, ട്രംപ് ഉടൻ സാഹസത്തിന് മുതിരില്ലെന്നാണ് വിലയിരുത്തൽ. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് വൈകാതെ യുഎസിൽ എത്തുന്നുണ്ട്. ഷീയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുൻപേ താരിഫ് യുദ്ധത്തിന് ട്രംപ് തിരികൊളുത്തില്ല. തീരുവ കാട്ടി പേടിപ്പിക്കേണ്ടെന്ന് ഇന്ത്യയും കടുത്ത സ്വരത്തിൽ യുഎസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, കാനഡയ്ക്ക് യൂറോപ്യൻ യൂണിയനിൽ ‘അസോഷ്യേറ്റ് അംഗത്വം’ നൽകാനുള്ള നീക്കമാണ് ഇപ്പോൾ ട്രംപിനെ ക്രുദ്ധനാക്കുന്നത്. യൂറോപ്യൻ യൂണിയന്റെ നീക്കം തമാശയാണെന്നു പറഞ്ഞ ട്രംപ് പക്ഷേ, കാര്യം സീരിയസ്സായാൽ യൂറോപ്പ്യൻ യൂണിയനുമേൽ കടുത്ത തീരുവ ചുമത്തുകയോ അവരുമായുള്ള വാണിജ്യ, വ്യാപാരബന്ധം നിർത്തിവയ്ക്കുകയോ ചെയ്യുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്. എന്നാൽ‌, കാനഡ ആരോടൊക്കെ അടുക്കണമെന്ന് കാനഡ തീരുമാനിച്ചോളാമെന്നാണ് ഇതിനോട് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി പ്രതികരിച്ചത്. പോസിറ്റീവ് ആകാൻ വിപണികൾ എണ്ണവില താഴുന്നത് ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് ആശ്വാസമാകും; ഈ പ്രതീക്ഷ ഓഹരി വിപണികളിൽ നേട്ടത്തിന്റെ പ്രതീക്ഷ വിതയ്ക്കുന്നുമുണ്ട്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം വീണ്ടും പലിശനിരക്ക് ഉയർത്തിയതിനെ ആശങ്കയോടെയാണ് ഓഹരി വിപണികൾ ആദ്യം കണ്ടതെങ്കിലും ഇപ്പോൾ പോസിറ്റീവ് ട്രാക്കിലേക്ക് മാറിയിട്ടുണ്ട്. എണ്ണവില വർധനയും പണപ്പെരുപ്പ ഭീഷണിയും പലിശഭാരവും ഏറെക്കാലം നീളുന്ന ‘കെടുതി’യാവില്ലെന്ന വിലയിരുത്തലാണ് നിക്ഷേപകരെ ‘പോസിറ്റീവ്’ ചിന്തയിലേക്ക് നയിക്കുന്നത്. ∙ യുഎസിൽ ഡൗ ജോൺസ് 316 പോയിന്റ് (+1%) നേട്ടത്തിലാണ് ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത്. എസ് ആൻഡ് പി500 സൂചിക 1.1%, നാസ്ഡാക് 1.7% എന്നിങ്ങനെയും ഉയർന്നു. ടെക്/എഐ ഓഹരികൾ നടത്തുന്ന മുന്നേറ്റമാണ് പ്രധാന കരുത്ത്. ഫ്യൂച്ചേഴ്സ് വിപണി പക്ഷേ സമ്മിശ്രമാണ്. ∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 1% ഉയർന്നു. ദക്ഷിണ കൊറിയൻ കോസ്പി 2.3%, ഹോങ്കോങ് 0.77%, ഷാങ്ഹായ് 0.76% എന്നിങ്ങനെയും ഉയർന്നു. ∙ ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റി പക്ഷേ നേരിയ നഷ്ടമാണ് കുറിച്ചത്. സെൻസെക്സും നിഫ്റ്റിയും ഇന്ന് കരുതലോടെയാകും വ്യാപാരം തുടങ്ങുക. ∙ രാജ്യാന്തര സ്വർണവില കുതിപ്പിനും കിതപ്പിനും ഇടവേളയിട്ട് നിൽക്കുന്നു. ഔൺസിന് 6 ഡോളർ‌ മാത്രം നേട്ടവുമായി 4352 ഡോളറാണ് ഇപ്പോൾ വില. കേരളത്തിൽ വലിയ മാറ്റത്തിന് സാധ്യതയില്ല. ടാറ്റയിൽ വലിയ കലഹം; ഉടക്കി നോയൽ ടാറ്റ ഇന്ത്യൻ ഓഹരി വിപണിയെ ഇന്ന് സ്വാധീനിക്കാവുന്ന മറ്റൊരു സുപ്രധാന ഘടകമാണ് ടാറ്റയിലെ കലഹം. ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരന് 5 വർഷം കൂടി കാലാവധി നീട്ടിക്കൊടുക്കാനും ടാറ്റ സൺസ് ഐപിഒ നടത്താനും ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയതാണ് നോയൽ ടാറ്റയെ ചൊടിപ്പിച്ചത്. തീരുമാനങ്ങൾ നിയമവിരുദ്ധമാണെന്ന് നോയൽ തുറന്നടിച്ചു. നോയൽ ചെയർമാനായ ടാറ്റ ട്രസ്റ്റ്സും ബോർഡ് തീരുമാനത്തിനെതിരെ പരസ്യമായി രംഗത്തെത്തി. ടാറ്റ സൺസ് ഐപിഒ നടത്തി ലിസ്റ്റ് ചെയ്യുന്നതിനെ ടാറ്റ ഗ്രൂപ്പ് ഓഹരികളുടെ നിക്ഷേപകർ പോസിറ്റീവായാണ് കാണുന്നത്. ഇന്നലെയും ടാറ്റ ഓഹരികൾ കുതിച്ചുയർന്നു. ഇന്നും സമാന പ്രകടനം പ്രതീക്ഷിക്കാം. ഐപിഒ നടത്താൻ നിക്ഷേപമൂല്യം (വാല്യുവേഷൻ) കൂടുമെന്നതും വലിയ നേട്ടം ലഭിക്കുമെന്നതുമാണ് ഓഹരികളെ ആവേശത്തിലാക്കുന്നത്.


Fashion ⏭️

Back to top button