SPORTS
‘ആ യാഥാർഥ്യം തിരിച്ചറിഞ്ഞു, ഞങ്ങൾ വേർപിരിയുന്നു; പൃഥ്വി ഷായുമായുള്ള ബന്ധവുമായി മുന്നോട്ടില്ല’: പോസ്റ്റുമായി നടി ആകൃതി

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രതിശ്രുത വധു ആകൃതി അഗർവാളും വേർപിരിഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് ബന്ധവുമായി മുന്നോട്ടു പോകുന്നില്ലെന്ന് ആകൃതി അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും നടിയുമായ ആകൃതി ഇക്കാര്യം അറിയിച്ചത്. ഭാവി ലക്ഷ്യങ്ങളും സാഹചര്യങ്ങളും പരസ്പരം പൊരുത്തപ്പെടാത്തതിനാലാണ് സംയുക്തമായി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ആകൃതി പറഞ്ഞു. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വേർപിരിയലിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് ഊഹാപോഹങ്ങൾ പരത്തരുതെന്നും അവർ അഭ്യർഥിച്ചു.‘‘ഞങ്ങൾ രണ്ടുപേരുടെയും മുന്നോട്ടുള്ള ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു. ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കാരണങ്ങളെക്കുറിച്ച് അനുമാനങ്ങൾ നടത്തുകയോ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും എല്ലാവരോടും അഭ്യർഥിക്കുന്നു. ഞങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങളെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്തതിന് നന്ദി.’’– അവർ കൂട്ടിച്ചേർത്തു.ആഭ്യന്തര ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലും തന്റെ കരിയർ തിരിച്ചുപിടിക്കാൻ പൃഥ്വി ഷാ ശ്രമിക്കുന്ന നിർണായക ഘട്ടത്തിലായിരുന്നു വിവാഹനിശ്ചയം. 2018ൽ വെസ്റ്റിൻഡീസിനെതിരെ സെഞ്ചറി നേടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായെ, 2026ലെ ഐപിഎൽ ലേലത്തിന്റെ അവസാന ഘട്ടത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. എന്നാൽ 2026 ഐപിഎൽ സീസണിൽ ഒരു മത്സരത്തിൽ പോലും ഷായ്ക്ക് കളിക്കാൻ അവസരം ലഭിച്ചില്ല. ആദ്യ റൗണ്ടുകളിൽ ആരും ടീമിലെടുക്കാതിരുന്ന ഷായെ പിന്നീട് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കുകയായിരുന്നു.
Auto ⏭️


