NEWS
സ്വപ്നങ്ങൾ ബാക്കിവച്ച് യാത്രയായ പ്രിയപ്പെട്ടവർ! പുറമെ പൂർണ ആരോഗ്യവാനെങ്കിലും പതിയിരിക്കുന്ന അപകടം; പ്രവാസലോകത്തെ അപ്രതീക്ഷിത മരണങ്ങൾക്ക് പിന്നിൽ

ദുബായ്∙ പുറമേ പൂർണ ആരോഗ്യവാന്മാരെന്നു തോന്നിക്കുന്ന ചെറുപ്പക്കാർക്കിടയിൽ പെട്ടെന്നുണ്ടാകുന്ന അപ്രതീക്ഷിത മരണങ്ങൾ പ്രവാസലോകത്ത് വലിയ ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ദിവസം ഷാർജയിൽ മലയാളി ദന്തഡോക്ടറായ അഫിന ബഷീർ (32) വീട്ടിനുള്ളിൽ കുഴഞ്ഞുവീണു മരിച്ച സംഭവം ഇത്തരം ദുരന്തങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്. മലപ്പുറം സ്വദേശിയായ അഫിനയ്ക്ക് മുൻപൊന്നും യാതൊരുവിധ ശാരീരിക അസ്വസ്ഥതകളും ഉണ്ടായിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കുന്നു. രണ്ടു കുഞ്ഞുങ്ങളെ പരിപാലിക്കാനായി ജോലിയിൽനിന്നു താൽക്കാലികമായി മാറിനിൽക്കുകയായിരുന്ന യുവതിയുടെ അപ്രതീക്ഷിത വേർപാട് പ്രവാസി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ∙ എന്താണ് സൈലന്റ് ഹാർട്ട് അറ്റാക്ക്? ഒരു രോഗിക്ക് ഹൃദയാഘാതം ഉണ്ടാകുമ്പോൾ സാധാരണയായി കടുത്ത നെഞ്ചുവേദന, ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. നെഞ്ചിൽ ഭാരം കയറ്റിവെച്ചതുപോലെയുള്ള തോന്നലും ഇടത് കൈയിലേക്കോ കഴുത്തിലേക്കോ പടരുന്ന വേദനയുമാണ് ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങൾ. എന്നാൽ സൈലന്റ് ഹാർട്ട് അറ്റാക്കിൽ ഈ ലക്ഷണങ്ങൾ പ്രകടമാകില്ല എന്നതാണ് അപകടസാധ്യത കൂട്ടുന്നത് എന്ന് അബുദാബി മുസഫ എൽഎൽഎച്ച് ആശുപത്രിയിലെ കൺസൽട്ടൻറ് കാർഡിയോളജിസ്റ്റായ ഡോ. ജമുന ദേവി പറയുന്നു.
Fashion ⏭️


