NEWS

കബനി നദിയിലെ ജലനിരപ്പ് അതിവേഗം താഴുന്നു; ആശങ്കയോടെ തീരദേശവാസികൾ


പുൽപള്ളി ∙ നാടിന്റെ സ്പന്ദനമായ കബനിനദിയിലെ ജലനിരപ്പ് അതിവേഗം താഴുന്നത് തീരപ്രദേശത്തെ ജനങ്ങളെ ആശങ്കപ്പെടുത്തുന്നു. അണക്കെട്ട് നിർമിച്ചശേഷം ആദ്യമായിട്ടാണ് ഈ സമയത്ത് ജലമില്ലാത്ത അവസ്ഥയുണ്ടായത്. സാധാരണ വയനാട്ടിൽ മൺസൂൺ ശക്തമാകുന്നതോടെ അണക്കെട്ട് തുറന്നുവിട്ട് മഴക്കാലം അവസാനിക്കുമ്പോഴാണ് നിറയെ ജലസംഭരണം നടത്തുന്നത്. അതിനിടെ തമിഴ്നാടിനുള്ള ജലവിഹിതം കൊടുത്തുകഴിയുകയും ചെയ്തിരുന്നു. എന്നാൽ ഇക്കൊല്ലം എല്ലാവരുടെയും കണക്കുകൂട്ടലുകൾ പിഴയ്ക്കുകയും കബനിയിൽ തീരെ വെള്ളമില്ലാതാവുകയും ചെയ്തു.ഇപ്പോഴും നിശ്ചിത അളവിൽ വെള്ളം കർണാടകം തമിഴ്നാടിനു നൽകിവരുന്നു. അതിനാൽ പുഴയിൽ അടിയൊഴുക്കുണ്ടെന്ന് നാട്ടുകാർ പറയുന്നു. വരണ്ടുണങ്ങിയ തമിഴ്നാട്ടിലെ നെല്ലറകളിലേക്ക് നിശ്ചിത അളവിൽ വെള്ളം നൽകണമെന്ന കോടതി നിർദ്ദേശത്തെ തുടർന്നാണ് 10 ദിവസം മുൻപ് ബീച്ചനള്ളിവഴി കാവേരിയുടെ ഭാഗമായ ജലം മേട്ടൂർ അണക്കെട്ടിലേക്ക് തുറന്നുവിട്ടത്. കബനിക്കരയിലെ ഡസനോളം മോട്ടറുകൾ രാപകൽ പ്രവർത്തിപ്പിച്ചാണ് അതിർത്തി പ്രദേശത്തെ പാടങ്ങളിലേക്ക് ജലമെത്തിക്കുന്നത്. വെള്ളമില്ലാത്തതിനാൽ നടാനാവാത്തവരും നട്ടവർ വളമിടാനാവാതെയും കഷ്ടപ്പെടുന്നു. കന്നാരംപുഴയും കടമാൻതോടുമടക്കമുള്ള കബനിയുടെ കൈവഴികളും ഒഴുക്കില്ലാത്ത അവസ്ഥയിലായി.


Fashion ⏭️

Back to top button