NEWS

റിയാസ് വഴിയെത്തിയ 1.2 കോടി ദുബായിലേക്ക്; ഹവാലയ്ക്ക് തെളിവ് വാട്സാപ് ചാറ്റിലെ കറൻസി ചിത്രം


തിരുവനന്തപുരം ∙ മുൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശപ്രകാരം എത്തിച്ച 1.2 കോടി രൂപ ദുബായിലേക്ക് ഹവാല വഴി കടത്തിയതായി അദ്ദേഹത്തിന്റെ സുഹൃത്ത് കെ.വാരിസ് നൽകിയ മൊഴി ശരിവയ്ക്കുന്ന വാട്സാപ് ചാറ്റുകൾ കണ്ടെത്തിയതായി ഡിജിപിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ചാറ്റുകളുടെ ചിത്രങ്ങളും കത്തിനൊപ്പമുണ്ട്. വാരിസ് മൊഴിമാറ്റിയാലും വാട്സാപ്പിൽ നടത്തിയ സംഭാഷണങ്ങൾ കുരുക്കായേക്കാം. അന്വേഷണം സംബന്ധിച്ച് സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ഡിജിപി റാവാഡ എ.ചന്ദ്രശേഖർ പറഞ്ഞു.2024 ജൂലൈ 3, 23, 2025 ജൂലൈ 5 എന്നീ തീയതികളിൽ ഹവാല ഏജന്റായ സുബൈർ കരുവംപൊയിലിന് വാരിസ് വാട്സാപിൽ കറൻസിയുടെ ചിത്രം അയച്ചുകൊടുത്തതാണ് ഇ.ഡി കണ്ടെത്തിയത്. കറൻസിയുടെ സീരിയൽ നമ്പർ കാണുംവിധമുള്ള ചിത്രമാണ് അയച്ചത്. ഹവാല വഴിയുള്ള പണം കൈമാറ്റത്തിന് ഉപയോഗിക്കുന്ന രീതിയാണിത്. ദുബായ് ദിർഹവും ഇന്ത്യൻ രൂപയും തമ്മിലുള്ള വിനിമയ നിരക്ക് സൂചിപ്പിച്ച് ഫോണിലെ കാൽക്കുലേറ്ററിൽ കണക്കുകൂട്ടിയതിന്റെ ചിത്രവും ചാറ്റിലുണ്ട്. മൊഴിയിൽ പറഞ്ഞ അതേ ദിവസങ്ങളിൽ കറൻസി സീരിയൽ നമ്പറിന്റെ ചിത്രവും വിനിമയ നിരക്ക് സംബന്ധിച്ച കണക്കും അയച്ചത് ഹവാല ഇടപാടിന്റെ വ്യക്തമായ സൂചനയാണെന്നും മൊഴി ശരിവയ്ക്കുന്ന തെളിവാണിതെന്നും ഇ.ഡി കത്തിൽ പറയുന്നു.


Fashion ⏭️

Back to top button