NEWS
സൗദിയിൽ ഹൂതി ആക്രമണം: 13 പേർക്ക് പരുക്ക്; ശക്തമായി തിരിച്ചടിക്കുമെന്ന് രാജ്യം

റിയാദ്∙ സൗദി അറേബ്യയിലെ വിവിധ നഗരങ്ങൾ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതർ നടത്തിയ ബാല്ലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ 13 സാധാരണക്കാർക്ക് പരുക്കേറ്റു. തെക്കൻ സൗദിയിലെ ഖമീസ് മുശൈത്, ആബ, തായിഫ് എന്നീ നഗരങ്ങളിലെ ജനവാസ കേന്ദ്രങ്ങളാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തെ ശക്തമായി നേരിടുമെന്നും കടുത്ത തിരിച്ചടി നൽകുമെന്നും സൗദി അറേബ്യ മുന്നറിയിപ്പ് നൽകി. പരുക്കേറ്റവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.ഖമീസ് മുശൈത്, ആബ, തായിഫ് എന്നീ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇന്നലെയാണ് ഹൂതി മിലിഷ്യ ആക്രമണം നടത്തിയതെന്ന് റിയാദ് നയിക്കുന്ന സൈനിക സഖ്യം സ്ഥിരീകരിച്ചു. പരുക്കേറ്റ 13 പേരുടെയും നില ഗുരുതരമല്ല. ആക്രമണത്തിൽ 7 വീടുകൾക്കും 2 വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സിവിൽ കേന്ദ്രങ്ങളെയും ജനങ്ങളെയും ലക്ഷ്യമിട്ടുള്ള ഹൂതികളുടെ തുടർച്ചയായ ആക്രമണങ്ങളുടെ ഭാഗമാണിതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി.കഴിഞ്ഞയാഴ്ച യെമനിലെ ചെങ്കടൽ തീരത്തിന്റെയും ബാബ് അൽ മന്ദബ് കടലിടുക്കിന്റെയും നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തത് യെമൻ സർക്കാർ സേനയ്ക്ക് വൻ തിരിച്ചടിയായിരുന്നു. യുഎസ്-ഇറാൻ സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ട പശ്ചാത്തലത്തിൽ ചെങ്കടൽ മേഖലയിലെ സംഘർഷം രാജ്യാന്തര തലത്തിൽ വലിയ ആശങ്കയുയർത്തുന്നുണ്ട്.
Fashion ⏭️


