NEWS

പാറശാലയിൽ വീട്ടിൽ നിന്ന് 10,000 കിലോ റേഷനരി പിടികൂടി; പിടിച്ചത് വിവിധ ബ്രാന്റഡ് അരികളായി വൻ വിലയ്ക്ക് വിറ്റിരുന്നവയെന്ന് സംശയം


പാറശാല ∙ സംസ്ഥാന അതിർത്തിയിൽ പാറശാല പഞ്ചായത്തിലെ വന്യക്കോടിൽ സിവിൽ സപ്ലൈസ് വകുപ്പും പാറശാല പൊലീസും നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന 10,000 കിലോ അരിയും 150 കിലോ ഗോതമ്പും പിടികൂടി. വന്യക്കോട് നിന്നു കാരാളിയിലേക്കു പോകുന്നിടത്തു കളിയിക്കാവിള സ്വദേശി ജയിംസ് എന്നയാൾ വാടകയ്ക്ക് എടുത്ത വീട്ടിലാണ് അരി സൂക്ഷിച്ചിരുന്നത്. ഇവിടെ അടുത്തിടെയായി കാറിലും ഓട്ടോയിലുമായി അരി കൊണ്ടു വരുന്നതും ലോറികളിൽ കയറ്റി കൊണ്ടു പോകുന്നതും നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇക്കാര്യം ശനിയാഴ്ച പാറശാല പൊലീസിനെ അറിയിച്ചതിനെത്തുടർന്നു പൊലീസ് വീട്ടിലെത്തിയെങ്കിലും ആരുമുണ്ടായിരുന്നില്ല. 2 നായ്ക്കൾ വീട്ടുവളപ്പിൽ ഉണ്ടായിരുന്നു.പൊലീസ് അറിയിച്ചതനുസരിച്ച് ഇന്നലെ രാവിലെ സ്ഥലത്തെത്തിയ നെയ്യാറ്റിൻകര താലൂക്ക് സപ്ലൈ ഓഫിസർ എച്ച്.പ്രവീൺ കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് ഭക്ഷ്യ വസ്തുക്കൾ പിടിച്ചത്. 50 കിലോ വീതം കൊള്ളുന്ന 200 ചാക്കുകളിലായി അരിയും 3 ചാക്കുകളിൽ ഗോതമ്പും വീടിന്റെ അടുക്കളയിലും വർക് ഏരിയയിലുമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. തമിഴ്നാട് റേഷൻ സാധനങ്ങളാണു പിടികൂടിയവയെല്ലാം. വിവിധ ബ്രാൻഡുകളുടെ പേരുകളിൽ പുതിയ ചാക്കുകളും സമീപത്തായി അടുക്കി വച്ചിരുന്നു.


Fashion ⏭️

Back to top button